കണ്ണൂരിൽ എം.വിജിനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത് എംഎൽഎ യാണെന്നുള്ള കാര്യം അറിയാതെയാണെന്ന് ടൗൺ എസ്ഐ പി.പി. ഷമീലിന്റെ മൊഴി. നഴ്സിങ് അസോസിയേഷൻ നേതാവാണെന്ന് തെറ്റിദ്ധരിച്ചുവെന്നും എസ്ഐയുടെ മൊഴിലുണ്ട്. അതെ സമയം എസ്.ഐയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കല്യാശേരി എംഎൽഎയായ എം.വിജിൻ.

എം വിജിൻ എംഎൽഎ കണ്ണൂർ ടൗൺ എസ്ഐ പി.പി. ഷമീലിനെതിരെ നൽകിയ പരാതിയിൽ മൊഴികൾ എല്ലാം എസ്ഐക്കെതിരെയാണ്.എംഎൽഎയുടെയും നഴ്സുമാരുടെയും ഒപ്പം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും മൊഴികളും പി.പി.ഷമീലിനെതിരാണ്. കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത കല്യാശേരി എം.എൽ.എ എം.വിജിനെ അറിയില്ലായിരുന്നുവെന്നുള്ള എസ്ഐയുടെയും പിങ്ക് പൊലീസിന്റെയും മൊഴി നടപടിയ്ക്ക് വേഗം കൂട്ടും. എസ്ഐ പറഞ്ഞിട്ടാണ് എംഎൽഎ യോട് പേര് ചോദിച്ചതെന്നാണ് വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. നൂറോളം നഴ്സുമാർ മാർച്ചിന്റെ ഭാഗമായി വരുമ്പോൾ കലക്ടറേറ്റ് പരിസരത്ത് പൊലീസുകാർ ഇല്ലാതിരുന്നത് സുരക്ഷ വീഴ്ച്ചയായി പരിഗണിക്കപ്പെടും. 

കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെയാണ് എസ് ഐയും എം. എൽ.എയും കൊമ്പ് കോർത്തത്. സുരേഷ് ഗോപി സ്റ്റൈൽ ഇങ്ങോട്ട് എടുക്കേണ്ടന്നും പിണറായി വിജയൻ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എം എൽ എ , എസ് ഐ യോട് പറഞ്ഞു.എസ്ഐ ഷമീലില്‍ നിന്നുണ്ടായത് മോശമായ പെരുമാറ്റമാണെന്ന് പിന്നീട് വിജിന്‍ പറഞ്ഞു.ടൗൺ എസ്ഐ പി.പി. ഷമീൽ തന്നെ അപമാനിച്ചെന്ന എം വിജിൻ എംഎൽഎയുടെ പരാതിയിലാണ്  എസിപി ടി.കെ. രത്നകുമാർ അന്വേഷണം നടത്തുന്നത്. മൊഴി എടുക്കൽ പൂർത്തിയാക്കിയ സാഹചര്യത്തിൽ  ഇന്നോ നാളെയോ   അന്വേഷണ റിപ്പോർട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിന് കൈമാറും.  

 

Kannur SI, M Vijin