കേരളീയത്തിന് ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് പിരിച്ചെടുത്ത ഉദ്യോഗസ്ഥന്‍ ജോലി ചെയ്യുന്ന ചരക്കു സേവന നികുതി കാര്യാലയത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരം ലഭ്യമല്ലെന്ന് മനോരമ ന്യൂസിന് ലഭിച്ച വിവരാവകാശരേഖ പറയുന്നു. ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് പിരിച്ച ജി.എസ്.ടി ഇന്‍റലിജന്‍സ് അഡിഷണല്‍ കമ്മിഷണറെ മുഖ്യമന്ത്രി കേരളീയം വേദിയില്‍ ആദരിച്ചിരുന്നു.
കേരളീയത്തിനായി ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് കണ്ടെത്തിയതിന് മുഖ്യമന്ത്രി ജിഎസ്ടി ഇന്‍റലിജന്‍സ് അഡിഷണല്‍ കമ്മിഷണര്‍ക്ക് ഉപഹാരം നല്‍കിയിരുന്നു. നികുതി പരിക്കേണ്ട ഉദ്യോഗസ്ഥനെക്കൊണ്ട് കേരളീയത്തിനായി പണം പിരിച്ചത് ശരിയല്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
എന്നാല്‍ ചരക്കു സേവന നികുതി കമ്മിഷണറുടെ കാര്യാലയം അറിയിക്കുന്നത് കേരളീയം സംബന്ധിച്ച എന്തെങ്കിലും വിവരങ്ങളോ, ഫയലുകളോ രേഖകളോ അവരുടെ പക്കലില്ല എന്നാണ്. വിവരാവകാശ അനുസരിച്ച് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. എത്രതുകയാണ് കേരളീയത്തിന് ചെലവായത്, എത്രസ്പോണ്‍സര്‍ഷിപ്പായി ലഭിച്ചു, സ്പോണ്‍സര്‍മാരുടെ പേരോ വിവരമോ നല്‍കാമോ തുടങ്ങി 12 ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ചിരുന്നത്.
ഇതിനൊന്നും മറുപടിയില്ലെന്ന് പറയുമ്പോള്‍ പിന്നെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ആദരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ഉയരുന്നത്. സാംസ്ക്കാരിക പരിപാടികള്‍ക്കായി 3,14, 28,560 രൂപ ചെലവായി എന്നും മുഴുവന്‍തുകയും ട്രഷറിയില്‍നിന്ന് കിട്ടിയെന്നുമാണ് സാംസ്കാരിക ഡയറക്ടറുടെ കാര്യാലയം അറിയിക്കുന്നത്. വ്യവസായ വാണിജ്യഡയറക്ടര്‍ അധ്യക്ഷനായ കമ്മറ്റി സംഘടിപ്പിച്ച ട്രേഡ്ഫെയറിന് 24,78,056 രൂപ ചെലവായി.
keraleeyam sponsorship gst intelligence additional commissioner