• മന്ത്രി സജി ചെറിയാന്‍ വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമീസ്
  • ‘അതുവരെ കെ.സി.ബി.സി സര്‍ക്കാരുമായി സഹകരിക്കില്ല’
  • ‘ആര് വിളിച്ചാല്‍ സഭ പോകണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാരല്ല’

 

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് കെ.സി.ബി.സി. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് പറഞ്ഞു. സഭയുടെ അതൃപ്തി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. മന്ത്രിയോട് ക്ഷമാപണം നടത്താന്‍ പറയാന്‍ ഗോവിന്ദന് ധൈര്യമുണ്ടോ എന്ന വെല്ലുവിളിയുമായി പ്രതിപക്ഷം രംഗത്തെത്തി. 

 

മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനയെ ഔചിത്യവും ആദരവുമില്ലാത്തതുമെന്നാണ് കെ.സി.ബി.സി അധ്യക്ഷന്‍ വിമര്‍ശിച്ചത്. മന്ത്രി പ്രസ്താവന പിന്‍വലിക്കുംവരെ സര്‍ക്കാരുമായി സഹകരിക്കില്ല. ആര് വിളിച്ചാല്‍ സഭ പോകണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാരല്ലെന്നും കര്‍ദിനാള്‍ പറഞ്ഞു.

 

സഭയുടെ വിമര്‍ശനം ശക്തമായതോടെ സി.പി.എം നിലപാട് മയപ്പെടുത്തി. സഭയുടെ അതൃപ്തി പരിശോധിക്കുമെന്ന് പറഞ്ഞ പാര്‍ട്ടി എം.വി. ഗോവിന്ദന്‍ പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയുമെന്ന് വ്യക്തമാക്കി. അതേ സമയം സജി ചെറിയാന്‍റേത് പ്രസംഗത്തിനിടയിലെ പരാമര്‍ശം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അതേ സമയം എന്തുകൊണ്ട് സജി ചെറിയാനോട് പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. അധിക്ഷേപം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ആരോപിച്ച സതീശന്‍ ഇക്കാര്യത്തില്‍ ജോസ് കെ.മാണിയുടേയും റോഷി അഗസ്റ്റിന്റെയും നിലപാട് അറിയാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു.

 

എന്നാല്‍ സജി ചെറിയാന്‍റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സജി ചെറിയാന്‍റെ പ്രസ്താവന കണ്ടിട്ടില്ലെന്നായിരുന്നു മന്ത്രി വി.എന്‍.വാസവന്‍റെ പ്രതികരണം. 

 

KCBC slams Minister for remarks on priests presence at PMs Christmas meet