പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും അപഹരിച്ച കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഒരു വാഹനവും പിടിച്ചെടുത്തതായി സൂചനയുണ്ട്. ശനിയാഴ്ച വൈകിട്ട് ആണ് എഴുപത്തിമൂന്നുകാരനായ ജോർജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ടത്.
ഉണ്ണൂണ്ണിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കഴുത്തിലുണ്ടായിരുന്ന ഒന്‍പത് പവന്റെ മാലയും നഷ്ടപ്പെട്ടിരുന്നു. കഴുത്തു ഞെരിക്കാൻ ഉപയോഗിച്ചത് രണ്ട് കൈലി മുണ്ടും ഒരു ഷർട്ടുമാണ്. ശരീരത്തിൽ മറ്റു മുറിവുകളോ മൽപ്പിടുത്തത്തിന്റെ ലക്ഷണങ്ങളോ ഇല്ല. എട്ടു പവന്റെ മാലയും ഒരുപവന്റെ കുരിശു ലോക്കറ്റുമാണ് ഉണ്ടായിരുന്നത്. കൊളുത്ത് പൊട്ടിയ നിലയിൽ കണ്ടെത്തി.
മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിരുന്നു. മണം പിടിച്ചോടിയ പൊലീസ് നായ മേക്കൊഴൂര്‍ റോഡില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മുന്നിലെത്തി നിന്നു. ഇവിടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല. കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കുകളും നഷ്ടമായിരുന്നു.