സൗജന്യങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ധനമന്ത്രാലയത്തിന്‍റെ നിര്‍ണായക നിര്‍ദേശം. യുക്തിഭദ്രമല്ലാതെ സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെക്കുറിച്ചും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
വോട്ട് ലക്ഷ്യമിട്ട് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ചെലവ് നിയന്ത്രിക്കാത്തതും കടമെടുപ്പ് വര്‍ധിച്ചതും മൂലം ശ്രീലങ്കയും പാക്കിസ്ഥാനും സാമ്പത്തിക തകര്‍ച്ച നേരിട്ടത് ഉദാഹരണമായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സൗജന്യമായി സൈക്കിളുകള്‍ നല്‍കുന്നത് അടക്കം സാമൂഹികക്ഷേമ രംഗത്തെ സൗജന്യങ്ങള്‍ നല്‍കാം. എന്നാല്‍ സൗജന്യമായി വെള്ളവും വൈദ്യുതിയും നല്‍തകുന്നത് ഖജനാവ് കാലിയാക്കുകയും അനാവശ്യ കീഴ്‍വഴക്കങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. മൂലധനച്ചെലവ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചു. ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെക്കുറിച്ചും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സൗജന്യങ്ങള്‍ എന്താണെന്നതിന്‍റെ നിര്‍വചനം സുപ്രീംകോടതി ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിനുവരുന്ന ചെലവിനെക്കുറിച്ചും ധനസമാഹരണത്തെക്കുറിച്ചും രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിശദീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടെടുത്തിരുന്നു.
Centre cautions against 'freebies'