തൃശൂർ കുതിരാൻ വഴുക്കുംപാറ പാലത്തിനു സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വിവാഹാവശ്യത്തിന് ബെംഗളൂരുവിൽ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.അഞ്ചുപേര്‍ ഗുരുതരപരുക്കുകളോടെ ചികില്‍സയിലാണ്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. വഴുക്കുമ്പാറ പാലത്തിനു മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ തിരുവല്ല സ്വദേശി ചെറിയാൻ മരണപ്പെട്ടു. കോട്ടയം സ്വദേശി ജോൺ , ഭാര്യ തങ്കമ്മ, മകൻ മനു, ബന്ധുക്കളായ പത്തനംതിട്ട മാരാമൺ സ്വദേശി ശാന്തമ്മ, സഹോദരൻ മോഹൻ തോമസ് എന്നിവർ സാരമായ പരുക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്.
ജോണായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് കാറിലുള്ളവരെ പുറത്തെടുത്തത്. ബെംഗളൂരുവിൽ വിവാഹ ആവശ്യത്തിന് പോയി മടങ്ങിവരികയായിരുന്നു കുടുംബം. അപകട കാരണം വ്യക്തമല്ല. പ്രദേശത്തു റോഡുപണി നടക്കുന്നതിനാൽ ഗതാഗതം ഒരു ഭാഗത്തു മാത്രമായി ക്രമീകരിച്ചിരുന്നു.
Car accident in Thrissur, 1 killed 5 injured