അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് പ്രതിപക്ഷത്തു നിന്ന് ഏതാനും നേതാക്കള മാത്രം ക്ഷണിച്ചത് ഭിന്നിപ്പുണ്ടാക്കാനെന്ന് ഇന്ത്യ നേതാക്കൾ. മുന്നണിയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശിവസേനയും എൻസിപിയും വിമർശിച്ചു. പ്രധാനമന്ത്രിയുടെ അയോധ്യ സന്ദർശനം മതേതര ഇന്ത്യയോടുള്ള വെല്ലുവിളിയാണെന്നും ശ്രീരാമനെ ആദരിക്കാന്‍ ബിജെപിയുടെ നേതൃത്വം വേണ്ടെന്നും ഇന്ത്യ നേതാക്കൾ വിമർശിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ജനുവരി 22നു നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ആറായിരത്തോളം പേരെയാണു ക്ഷണിച്ചിരിക്കുന്നത്. ശ്രീറാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്‌റ്റ് പ്രതിനിധികളാണ്  മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്.ഡി.ദേവെഗൗഡ, കോൺഗ്രസിൽ നിന്ന് മല്ലി കാർജുൻ ഖർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവർക്ക് ക്ഷണക്കത്തു നൽകിയത്.  അതേസമയം എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, എസ്പി നേതാവ്  അഖിലേഷ് യാദവ്, ജെ എം എം നേതാവ് ഹേമന്ത് സോറൻ

എന്നിവർക്ക് ക്ഷണമില്ല. ഇത് അഭിപ്രായഭിന്നത ഉണ്ടാക്കി ഇന്ത്യ മുന്നണിയെ തകർക്കാനുള്ള നീക്കം ആണെന്ന് നേതാക്കൾ വിമർശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് അയോധ്യയിലേക്ക് മാറ്റണമെന്നും ശിവസേന പരിഹസിച്ചു. പ്രധാനമന്ത്രിയുടെ അയോധ്യ സന്ദർശനം മതേതര ഇന്ത്യയോടുള്ള വെല്ലുവിളിയാണെന്നും മതപരമായ ചടങ്ങിനെ സർക്കാർ പരിപാടിയാക്കുകയാണെന്നും  കോൺഗ്രസും തൃണമൂൽ കോൺഗ്രസും വിമർശിച്ചു.

കർസേവകരെ വെടിവെക്കാൻ നിർദ്ദശം നൽകിയ മുലായം സിംഗിന്‍റെ  സമാജ് വാദി പാര്‍ട്ടിയെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് കർസേവകരുടെ  കുടുംബങ്ങൾ ആവശ്യപ്പെട്ടു.

 

Not invited to temple ceremony says Sharad Pawar, Akhilesh and Uddhav