ഡി.എം.ഡി.കെ സ്ഥാപകനും നടനുമായ വിജയകാന്തിന് തമിഴകത്തിന്റെ അന്ത്യാഞ്ജലി. ചെന്നൈ കോയമ്പേട് ഡി.എം.ഡി.കെ ആസ്ഥാനത്ത് പൂർണ്ണ ഔദ്യോഗിക ബഹുമതികളുടെയാണ് സംസ്കാരം നടന്നത്. പ്രിയനേതാവിന് പൊതുജനങ്ങളും ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലിയര്‍പ്പിച്ചു.
വികാരനിർഭരമായാണ് പുരട്ച്ചി കലൈഞ്ജർ വിജയകാന്തിന് തമിഴകം വിട നൽകിയത്. ചെന്നൈ ഐലൻഡ് ഗ്രൗണ്ടിലെ പൊതുദർശനത്തിനു ശേഷം ഉച്ചയോടെ വിലാപയാത്ര പാർട്ടി ആസ്ഥാനത്തേക്ക് പുറപ്പെട്ടു. പാതയോരങ്ങളിൽ ആയിരക്കണക്കിനാളുകളാണ് പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ തടിച്ചുകൂടിയത്.
വൈകിട്ട് ആറുമണിയോടെ കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് വിലാപയാത്രയെത്തി. സംസ്കാര ചടങ്ങിൽ 200 പേർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്. തമിഴ്നാടിന് അകത്തും പുറത്തുനിന്നും എത്തിയ ജനക്കൂട്ടം ഡിഎംഡികെ ആസ്ഥാനത്തിന് മുന്നിലെ ഫ്ലൈ ഓവറുകളിൽ അടക്കം തടിച്ചുകൂടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പലതവണ ലാത്തി വീശി. ഇതിനിടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളുടെ സംസ്കാര ചടങ്ങ് പൂർത്തിയായി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മന്ത്രിമാർ, തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജ് എന്നിവർ സംസ്കാര ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. നടന്മാരായ രജനികാന്ത്, കമൽഹാസൻ, വിജയ്, തമിഴ്നാട് ഗവർണർ ആർഎൻ രവി , പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി, കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ തുടങ്ങിയവർ ഐലൻഡ് ഗ്രൗണ്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഇന്നലെ രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം.
'Captain' Vijayakanth laid to rest at DMDK headquarters