മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമതീരുമാനം എല്‍ഡിഎഫിന്‍റേതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. രണ്ടര വര്‍ഷത്തേക്കാണ് മന്ത്രിസ്ഥാനമെന്നത് നേരത്തെയുള്ള ധാരണയായിരുന്നു. അതനുസരിച്ച് നവംബര്‍ 19നാണ് അവസാനിക്കേണ്ടിയിരുന്ന്. എന്നാലിപ്പോള്‍ ഡിസംബര്‍ 19 ഉം കഴിഞ്ഞുവെന്നും ഇനി എല്‍ഡിഎഫ് യോഗത്തിലെടുക്കുന്ന എന്ത് തീരുമാനവും താനുള്‍പ്പടെയുള്ളവര്‍ക്ക് ബാധകമാകുമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു.
അതേസമയം, നവകേരള ബസിന്‍റെ ഭാവിയില്‍ ആശങ്ക വേണ്ടെന്നും ശോഭനമായ ഭാവി ബസിനുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബസ് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിക്കുന്നതില്‍ കെഎസ്ആര്‍ടിസിക്കും പങ്കുണ്ടാകും. ബസ് ആളുകൾക്ക് കാണാൻ തലസ്ഥാനത്ത് പ്രദർശിപ്പിക്കുന്നത് ഉൾപ്പടെ പരിഗണിക്കും. പാവം ബസ് കാണാന്‍ പൊതുജനങ്ങള്‍ക്കും ആഗ്രഹമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ , മന്ത്രിസഭയിലെ മാറ്റം തീരുമാനിക്കാന്‍ ഇടതുമുന്നണി യോഗം ഉടന്‍ ചേരും. ഗതാഗതമന്ത്രി ആന്‍റണി രാജുവിനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും പകരം കെ.ബി.ഗണേഷ് കുമാറിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും മന്ത്രിമാരായി നിശ്ചയിക്കും. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇക്കാര്യം യോഗത്തിനുശേഷം പ്രഖ്യാപിക്കും. ഇരുവര്‍ക്കുമുള്ള വകുപ്പുകളിലും ഇന്ന് തീരുമാനമുണ്ടാകും. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവും തന്നെ ലഭിക്കാനാണ് സാധ്യത.
Will accept LDF's decision in cabinet reshuffle