sanjaysinghwfi-24
  • 'പുതിയ ഭരണസമിതി പഴയ ഭാരവാഹികളുടെ നിയന്ത്രണത്തില്‍'
  • 'കായിക ധാര്‍മികയ്ക്ക് നിരക്കാത്തത്'
  • 'ജൂനിയര്‍ നാഷണല്‍സ് പ്രഖ്യാപിച്ചത് ചട്ടവിരുദ്ധം'

കായികതാരങ്ങള്‍ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ ദേശീയ ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്ത് കായികമന്ത്രാലയം. ലൈംഗിക അതിക്രമക്കേസില്‍ ഉള്‍പ്പെട്ട പഴയ അധ്യക്ഷന്‍റെ നിയന്ത്രണത്തിലാണ് പുതിയ സമിതിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ണായക നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കായിക താരങ്ങളുടെ പ്രതിഷേധം രാഷ്ട്രീയമായി ക്ഷീണമാകുമെന്നത് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്‍റെ മുഖംരക്ഷിക്കല്‍ തീരുമാനം. സസ്പെഷനെതിരെ പുതിയ ഭാരവാഹികള്‍ കോടതിയെ സമീപിക്കും.  

ലൈംഗിക അതിക്രമക്കേസില്‍ ഉള്‍പ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പഴയ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ വിശ്വസ്തന്‍ സഞ്ജയ് സിങാണ് പുതിയ അധ്യക്ഷനായ തിരഞ്ഞെടുക്കപ്പെട്ടത്. ഗുസ്തി ഫെഡറേഷനെ ബ്രിജ്ഭൂഷണ്‍ വീണ്ടും കൈപ്പിടിയിലൊതുക്കിയതോടെ സാക്ഷി മാലിക് കണ്ണീരോടെ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബജ്റംഗ് പുനിയ പത്മ പുരസ്ക്കാരം തിരികെ നല്‍കി. പുനിയക്ക് പിന്തുണയുമായി പുരസ്ക്കാരങ്ങള്‍ തിരികെ നല്‍കുമെന്ന് കൂടുതല്‍ താരങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് കേന്ദ്രകായികമന്ത്രാലയത്തിന്‍റെ സുപ്രധാന തീരുമാനം. 

 

യുപിയിലെ ഗോണ്ടയില്‍ അണ്ടര്‍15, അണ്ടര്‍ 20 ദേശീയ മല്‍സരങ്ങള്‍ പുതിയ അധ്യക്ഷന്‍ പ്രഖ്യാപിച്ചത് ഫെഡറേഷന്‍റെ ഭരണഘടനയ്ക്ക് വിരുദ്ധമായിട്ടാണെന്നും താരങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ടത്ര സമയം നല്‍കിയില്ലെന്നും കായികമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ബ്രിജ്ഭൂഷണിന്‍റെ തട്ടകമായ ഗോണ്ടയില്‍ ദേശീയ മല്‍സരങ്ങള്‍ പ്രഖ്യാപിച്ചതിനെ സാക്ഷി മാലിക് വിമര്‍ശിച്ചിരുന്നു. ജൂനിയര്‍ താരങ്ങള്‍ തന്നെ വിളിച്ച് ആശങ്ക പങ്കുവച്ചുവെന്ന് സാക്ഷി പറയുന്നു. പുതിയ സമിതി മുന്‍ ഭാരവാഹികളുടെ നിയന്ത്രണത്തിലാണെന്നും ഇത് കായികചട്ടത്തിന് എതിരാണെന്നും സസ്പെഷന് കാരണമായി കായികമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ദേശീയ ഗുസ്തി ഫെഡറേഷനുള്ള സസ്പെന്‍ഷന്‍ നീക്കണമെങ്കില്‍ വനിത ഗുസ്തി താരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് യുണെറ്റഡ് വേള്‍ഡ് റസലിങ് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. 

 

ദേശീയ ഗുസ്തി ഫെഡറേഷന്‍റെ തിരഞ്ഞെടുപ്പിന്‍റെ സാധുത യുഡബ്ലിയുഡബ്ലിയു പരിശോധിച്ചുവരികയാണ്. താരങ്ങള്‍ ഗുസ്തിയില്‍ ശ്രദ്ധിക്കണമെന്ന് ഹരിയാനമുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ താരങ്ങളുടെ ഭാവി നശിപ്പിച്ചുവെന്ന് ബിജെപി എംപി രമേശ് ബിദൂഡിയും പ്രതികരിച്ചു.   

 

Sports Ministry suspends Sanjay Singh led new Wrestling Federation of India