ക്രിസ്മസ് വിരുന്നൊരുക്കി പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ നാളെ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന വിരുന്നില്‍ മതമേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കേരളത്തില്‍ എന്‍ഡിഎ സ്നേഹയാത്ര സംഘടിപ്പിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിരുന്ന്. 

 

ക്രൈസ്തവ വിഭാഗങ്ങളിലേയ്ക്ക് ബിജെപിയെ അടുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വീണ്ടും. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍. മണിപ്പുര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും വിരുന്നിന് ക്ഷണിച്ച് ഒപ്പമുണ്ടെന്ന സന്ദേശം കൂടുതല്‍ ശക്തമായി നല്‍കുകയാണ് ലക്ഷ്യം. വിരുന്നിന് പ്രധാനമന്ത്രിയുടെ ഒാഫീസ് നേരിട്ടാണ് ക്ഷണവും സംഘാടനവും. അരുണ്‍ ജയ്റ്റ്ലിയുടെയും സ്മൃതി ഇറാനിയുടെയും ഒൗദ്യോഗിക വസതികളില്‍ നേരത്തെ ക്രസ്മസ് വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. 

 

പ്രധാനമന്ത്രി പങ്കെടുക്കാറുണ്ട്. എന്നാല്‍ തന്‍റെ ഒൗദ്യോഗിക വസതിയില്‍ തന്നെ വിരുന്ന് സംഘടിപ്പിച്ച് വലിയ നീക്കമാണ് ഇത്തവണ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. കേരളത്തില്‍ നിന്ന് വ്യവസായികള്‍ അടക്കം പങ്കെടുക്കും. നേരത്തെ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് ദേവായലയം സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആശംസകള്‍ ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും എത്തിക്കാന്‍ ബിജെപി കേരളത്തില്‍ സ്നേഹയാത്ര നടത്തുന്നുണ്ട്. മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം അടക്കം നാളത്തെ വിരുന്നില്‍ ചര്‍ച്ചയായേക്കും. കേരളത്തിലെത്തിയപ്പോള്‍ ക്രൈസ്തവ മത േമലധ്യക്ഷന്മാരുമായി കൊച്ചിയില്‍ മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.