നവകേരളസദസ് സമാപിച്ചതിന് പിന്നാലെ മുന്‍ധാരണപ്രകാരം ഗതാഗതമന്ത്രി ആന്‍റണി രാജുവും തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജിവച്ചു. വെള്ളിയാഴ്ച വൈകിട്ട് കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവും ലഭിക്കും. മുന്നണി യോഗത്തില്‍ ആര്‍.ജെ.ഡി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.
ഇടതുമുന്നണി യോഗത്തിനെത്തും മുമ്പ് ക്ലിഫ്ഹൗസില്‍ പോയി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിച്ചത്. കടുത്ത പ്രതിസന്ധിയിലുള്ള കെ.എസ്.ആര്‍.ടി.സിക്ക് തുടര്‍ന്നും സര്‍ക്കാര്‍ സഹായം ആവശ്യമായി വരുമെന്ന് ആന്‍റണി രാജു ഓര്‍മിപ്പിച്ചു. രണ്ടരവര്‍ഷത്തെ തന്‍റെ പ്രവര്‍ത്തനം ജനം വിലയിരുത്തട്ടെയെന്ന് തുറമുഖമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങിയ അഹമ്മദ് ദേവല്‍കോവില്‍ പറഞ്ഞു.
മുന്‍ധാരണ നടപ്പിലാക്കുന്നതിനപ്പുറത്തേക്കുള്ള മാറ്റങ്ങള്‍ മുന്നണി ചര്‍ച്ച ചെയ്തില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണമെന്ന് ആര്‍.ജെ.ഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയോ ഇടതുമുന്നണി കണ്‍വീനറോ പ്രതികരിച്ചില്ല. നവംബര്‍20ന് സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും നവകേരളസദസ് നടക്കുന്നതിനാലാണ് മന്ത്രിസഭയിലെ മാറ്റം വൈകിയത്.
Ministers Antony Raju and Ahamed Devarkovil resigns