പ്രസവ ശസ്ത്രക്രിയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരസമിതി കോടതിയിലേക്ക്. ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. കോടതി നടപടികള്‍ക്കുള്ള പണം പിരിച്ചെടുക്കാനാണ് ആലോചന. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുക. സര്‍ക്കാര്‍ തീരുമാനം ആശ്വാസമെങ്കിലും പൂര്‍ണമായ നീതി ഇപ്പോഴും അകലെയെന്ന് ഹര്‍ഷിന മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഹര്‍ഷിനയുടെ കേസില്‍ ഡോ. സി.കെ. രമേശന്‍, ഡോ. എം. ഷഹ്ന നഴ്സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. രണ്ട് ദിവസത്തിനകം കുന്നമംഗലം കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.
2017 നവംബര്‍ 30ന് നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്നാണ് പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെയും നഴ്സുമാരുടേയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.
Harshina demands 1cr as compensation