ayodhya-temple-3

അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിലെ പ്രതിഷ്ഠാച്ചടങ്ങില്‍ എല്‍.കെ അഡ്വാനിയും മുരളീമനോഹര്‍ ജോഷിയും പങ്കെടുക്കില്ല. മാതാ അമൃതാനന്ദമയിക്കും മോഹന്‍ലാലിനും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. നാലായിരത്തോളം സന്യാസിമാര്‍ക്കൊപ്പം 2,200 അതിഥികളും ചടങ്ങില്‍ പങ്കെടുക്കും. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും രാമജന്മഭൂമി പ്രക്ഷോഭത്തിന്‍റെ മുന്‍നിരക്കാരുമായ എല്‍.കെ അഡ്വാനിയും മുരളീമനോഹര്‍ ജോഷിയും അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ല. പ്രായാധിക്യവും അനാരോഗ്യവും കണക്കിലെടുത്ത് പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ഥിച്ചതായും ഇരുവരും അംഗീകരിച്ചതായും ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ് അറിയിച്ചു. 

 

പ്രതിഷ്ഠാച്ചടങ്ങിന്‍റെ ഒരുക്കങ്ങള്‍ ജനുവരി 15ന് പൂര്‍ത്തിയാകും. 16 മുതല്‍ 22വരെയാണ് പ്രാണപ്രതിഷ്ഠാച്ചടങ്ങ്. അമൃതമഹോല്‍സവമെന്നാണ് പ്രതിഷ്ഠച്ചടങ്ങിന് പേരിട്ടിരിക്കുന്നത്. 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ രാമ വിഗ്രഹം പ്രതിഷ്ഠിക്കും. ശങ്കരമഠങ്ങളില്‍ നിന്ന് ഉള്‍പ്പെടെ സന്യാസിമാര്‍, കാശിയും വൈഷ്ണോദേവിയും അടക്കം പ്രമുഖ ക്ഷേത്രങ്ങളിലെ പുരോഹിതര്‍ എന്നിവര്‍ പങ്കെടുക്കും. 

 

വാരാണസിയിലെ വേദ പണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങിന് നേതൃത്വം നല്‍കും. ദലൈ ലാമ, മാതാ അമൃതാനന്ദമയി, ബാബ രാംദേവ്, മോഹന്‍ ലാല്‍, രജനികാന്ത്, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, ചിരഞ്ജീവി, ധനുഷ്, ഋഷഭ് ഷെട്ടി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, മുകേഷ് അംബാനി, ഗൗതം അദാനി, രത്തന്‍ ടാറ്റ തുടങ്ങി പ്രമുഖര്‍ക്ക് ക്ഷണമുണ്ട്. ജനുവരി 23 മുതല്‍ പുതിയ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. 

 

lk advani mm joshi requested not to come for ram temple event ayodhya trust official mohanlal and amirthanathamayi invited