സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടെന്നും ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. രോഗികള്‍  കൂടുതലുളള തിരുവനന്തപുരം , എറണാകുളം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ആശുപത്രി ജീവനക്കാരും രോഗികളും മാസ്ക് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.  

കോവിഡ് വ്യാപനത്തില്‍ അനാവശ്യ ഭീതി വേണ്ടെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. കോവിഡ് ലക്ഷണങ്ങള്‍ ഉളളവര്‍ക്ക് മാത്രം പരിശോധന മതിയെന്നാണ് നിര്‍ദേശം. ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികളെ മെഡിക്കല്‍ കോളജിലേയ്ക്ക്  റഫര്‍ ചെയ്യാതെ ജില്ലയില്‍തന്നെ ചികില്‍സിക്കണം. ആശുപത്രികളില്‍  നിശ്ചിത കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കണം. 

ചികില്‍സയിലിരിക്കുമ്പോള്‍ കോവിഡ് പോസിറ്റീവാകുന്നവരെ അതത് ആശുപത്രികളില്‍ തന്നെ ചികില്‍സിക്കണം. ഗുരുതര രോഗങ്ങളുളളവര്‍ മാസ്ക് ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്നും നിര്‍ദേശമുണ്ട്. ഇന്നലെ 227 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ 1970 പേര്‍ ചികില്‍സയിലുളളതില്‍ 1749 ഉം കേരളത്തിലാണ്. ഈ മാസം മാത്രം 10 പേര്‍ മരിച്ചു.  

Health department has assessed that there is no need to worry about the state's covid situation