യു.പി വാരാണസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ക്ഷേത്രനിര്‍മാണം ആവശ്യപ്പെടുന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് അലഹാബാദ് ഹൈക്കോടതി. ആരാധനാലയ നിയമപ്രകാരം ഇതിന് സാധുതയില്ലെന്ന മസ്‍ജിദ് കമ്മിറ്റിയുടെ ഹര്‍ജികള്‍  കോടതി തള്ളി. ആറുമാസത്തിനകം വിചാരണക്കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കണം. ആവശ്യമെങ്കില്‍ വീണ്ടും സര്‍വേ നടത്താന്‍ കീഴ്കോടതിക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിക്കാമെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.

 

ഗ്യാന്‍വാപി പള്ളി നില്‍ക്കുന്നയിടം കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ ഭാഗമാണെന്നും ഇവിടെ ക്ഷേത്രം പുനസ്ഥാപിക്കണം എന്നുമായിരുന്നു ഹുന്ദുവിഭാഗത്തിന്‍റെ ഹര്‍ജി. ഇത് 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായതിനാല്‍ പരിഗണിക്കരുതെന്ന വാദമാണ് മസ്‌ജിദ് കമ്മിറ്റി മുന്നോട്ടുവച്ചത്. എന്നാല്‍ സിവില്‍ കേസിന് ആരാധനാലയ നിയമം ബാധകമല്ലെന്ന് നിരീക്ഷിച്ച അലഹാബാദ് ഹൈക്കോടതി, ഹിന്ദുവിഭാഗത്തിന്‍റെ ഹര്‍ജി നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. ആറുമാസത്തിനകം ഈ ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കണം. 

 

ആവശ്യമെങ്കില്‍ പള്ളി സമുച്ചയത്തില്‍ വീണ്ടും സര്‍വേ നടത്താന്‍ വിചാരണക്കോടതിക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയോട് ആവശ്യപ്പെടാമെന്നും ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആരാധനാലയത്തിന്‍റെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിന്  ആരാധനാലയ നിയമം തടസമല്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം, ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നടത്തിയ ശാസ്ത്രീയ സര്‍വേയുടെ റിപ്പോര്‍ട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇന്നലെ വാരാണസി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു. ഈ കേസില്‍ മറ്റന്നാള്‍ വീണ്ടും വാദം കേള്‍ക്കും.       

Gyanvapi mosque case: Allahabad HC rejects Masjid Committees challenge