dataleakicmr-18
  • ചോര്‍ത്തിയത് 81 കോടി ജനങ്ങളുടെ വ്യക്തി വിവരം
  • ഡാര്‍ക് വെബിലിട്ടത് അതിവേഗ ധനസമ്പാദനത്തിന്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐ.സി.എം.ആര്‍) ഡാറ്റ ബാങ്കില്‍ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി വിറ്റ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസിന്‍റെ സൈബര്‍ യൂണിറ്റാണ് പ്രതികളെ പിടികൂടിയത്. ആധാര്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത സംഘം അതിവേഗ പണസമ്പാദനത്തിനായി ഇത് ഡാര്‍ക് വെബില്‍ വില്‍പനയ്ക്ക് വച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായാണ് പ്രതികളെ പിടികൂടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ഗെയിമിങ് പ്ലാറ്റ്ഫോമില്‍ കണ്ടുമുട്ടിയ സംഘം പണം സമ്പാദിക്കുന്നതിനായാണ് വിവരം ചോര്‍ത്തിയതെന്ന് പൊലീസ് പറയുന്നു. ഒഡീഷ സ്വദേശിയായ ബിടെക് ബിരുദധാരിയും സ്കൂൾ പഠനം പാതിയിൽ ഉപേക്ഷിച്ച ഹരിയാന, മധ്യപ്രദേശ് സ്വദേശികളുമാണ് പിടിയിലായത്. ചോർന്ന വിവരങ്ങളുടെ നിജസ്ഥിതി കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പരിശോധിച്ചു വരികയാണ്. അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെയും ആധാറിന് സമാനമായ പാക്കിസ്ഥാനിലെ തിരിച്ചറിയൽ രേഖയായ സിഎൻഐസിയുടെ വിവരങ്ങളും സംഘം ചോർത്തിയതായും റിപ്പോർട്ടുണ്ട്.

ഡാറ്റബേസില്‍ വന്‍ വീഴ്ചയുണ്ടെന്ന് ഒക്ടോബറില്‍ ഒരു അമേരിക്കന്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു. ആധാര്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍ക്ക് പുറമെ ഫോണ്‍നമ്പറുകളും അഡ്രസും വില്‍പനയ്ക്ക് വച്ചതായും കണ്ടെത്തിയിരുന്നു. കഴി‍ഞ്ഞ ഒരു വര്‍ഷത്തിനിടെ ആറായിരത്തിലേറെ തവണ ഐ.സി.എം.ആര്‍ സര്‍വറുകള്‍ ചോര്‍ത്താന്‍ ശ്രമം നടന്നായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 

 

ICMR data leak4 held for selling data on dark web