കാലിക്കറ്റ് സര്‍വകലാശാല ക്യാപംസില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുയര്‍ത്തി എസ്.എഫ്.ഐ. സര്‍വകലാശാല സ്വാഗതം ചെയ്യുന്നില്ലെന്നും ചാന്‍സലര്‍ തിരിച്ചു പോകണമെന്നുമാണ് എസ്.എഫ്.ഐ ബാനറില്‍ എഴുതിയിരിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നതിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈകിട്ട് ക്യാംപസിലെത്താനിരിക്കെയാണ് പോസ്റ്ററുകളും ബാനറും പ്രത്യക്ഷപ്പെട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

വൈകിട്ട് ആറേകാലിന് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ്ഹൗസിലെത്തും. ഗവര്‍ണറെ ക്യാംപസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു  എസ്.എഫ്.െഎയുടെ വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുത്താണ് ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ തന്നെ തങ്ങാന്‍ തീരുമാനമെടുത്തത്. ‍കോഴിക്കോട് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ മകന്റ വിവാഹത്തില്‍ പങ്കെടുക്കുന്നതല്ലാതെ നാളെ മറ്റുപരിപാടികളുമില്ല. തിങ്കളാഴ്ച 3.30ന് ഭാരതീയ വിചാരകേന്ദ്രവും സനാതന ധര്‍മ ചെയറും ചേര്‍ന്ന് സര്‍വകലാശാല കോംപ്ലക്സില്‍ സംഘടിപ്പിക്കുന്ന സെമിനാറാണ് പ്രധാനപരിപാടി. അന്ന് രാത്രി തന്നെ  തിരുവനന്തപുരത്തേക്ക് മടങ്ങും. 

ഗവര്‍ണറെത്തും മുന്‍പ് തന്നെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ അതീവ സുരക്ഷ പൊലീസ് ഏര്‍പ്പെടുത്തി. വിവിധ ഡിവൈഎസ്പിമാരുടെ ഏകോപനത്തിലാണ് ഗസ്റ്റ് ഹൗസിന്‍റെയും പരിപാടിയുടെയും സുരക്ഷ. പലയിടങ്ങളിലായി നിരവധി പൊലീസുകാരെയും വിന്യസിക്കും. സുരക്ഷ കണക്കിലെടുത്ത് ഗസ്റ്റ്ഹൗസില്‍ ഗവര്‍ണര്‍ക്കും സ്റ്റാഫുകള്‍ക്കുമല്ലാതെ മറ്റാര്‍ക്കും റൂം നല്‍കുന്നില്ല. താമസക്കാരെ ഇന്നലെ തന്നെ ഒഴിപ്പിച്ചിരുന്നു.

 

SFI banner against governor in Calicut University