പുകയാക്രമണം നടത്തിയ പ്രതികള്‍ പാര്‍ലമെന്‍റില്‍ സ്വയം തീകൊളുത്താനും പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പൊലീസ്. അക്രമികള്‍ക്ക് സന്ദര്‍ശക പാസിന് ശുപാര്‍ശ ചെയ്ത ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴിയെടുക്കും. സുരക്ഷാ വീഴ്ച്ച അന്വേഷിക്കാന്‍ സമിതി രൂപീകരിച്ചതടക്കം നടപടികള്‍ വിശദീകരിച്ചും അച്ചടക്കലംഘനത്തിന് എംപിമാരെ സസ്പെന്‍ഡ് ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമാക്കിയും ലോക്സഭാ സ്പീക്കര്‍ ഒാംബിര്‍ല എംപിമാര്‍ക്ക് കത്തയച്ചു. അതിനിടെ, പാര്‍ലമെന്‍റിലെ അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയും വിലയക്കയറ്റവുമാണെന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
പാര്‍ലമെന്‍റില്‍ പുകയാക്രമണത്തേക്കാള്‍ നടുക്കുന്ന പ്രതിഷേധം അക്രമികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലോക്സഭാ ചേംബറിലേയ്ക്ക് ചാടി സ്വയം തീകൊളുത്താനും ലഘുലേഖകള്‍ വിതരണം ചെയ്യാനും പദ്ധതിയിട്ടിരുന്നു. പൊള്ളലേല്‍ക്കാതിരിക്കാന്‍ ശരീരത്തില്‍പ്പുരട്ടുന്ന ജെല്‍ ലഭിക്കാത്തതുമൂലമാണ് സ്വയം തീകൊളുത്തിയുള്ള പ്രതിഷേധം വേണ്ടെന്നുവച്ചത്. അരാജകത്വമുണ്ടാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് അടക്കം സംഭവുമായി വിദേശ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. പ്രതികളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് വിശദമായി അന്വേഷിക്കും. വിപുലമായ ആസൂത്രണം നടന്നു. പ്രതികള്‍ പലതവണ കൂടിക്കാഴ്ച്ച നടത്തി. മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഫോണുകള്‍ ഉപേക്ഷിച്ചത് ജയ്പ്പുരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രക്കിടെയാണ്. പ്രതികള്‍ ഒത്തുകൂടിയ വിവിധ ഇടങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു.
കേസില്‍ മഹേഷ് എന്നയാളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ പാര്‍ലമെന്‍റില്‍ എത്തിച്ച് തെളിവെടുപ്പിന് പൊലീസ് ലോക്സഭാ സെക്രട്ടേറിയറ്റിന്‍റെ അനുമതി തേടി. അതിനിടെ, പ്രതികളിലൊരാളായ അമോല്‍ ഷിന്‍ഡെയുമായി സംസാരിക്കാന്‍ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ ജീവനൊടുക്കുമെന്നും പ്രതിയുടെ മാതാപിതാക്കള്‍ ഭീഷണി മുഴക്കി.
Smoke attackers planned to immolate themselves, says police