തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ ഷഹ്നയുടെ ആത്മഹത്യ തലേ ദിവസം പിറന്നാള്‍ പാര്‍ട്ടിക്ക് പോയി തിരിച്ചെത്തിയ ശേഷമുളള സംഭവത്തിന്റെ അനന്തര ഫലമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. വിവാഹം നടക്കില്ലെന്ന് കേസിലെ ഒന്നാം പ്രതി ഡോ റുവൈസ് അറിയിച്ചതിനു ശേഷം ഷഹ്ന ദുഖിതയായിരുന്നുവെന്നും  ന്യൂനപക്ഷ കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. 

ഡോ ഷഹ്നയുടെ മരണത്തില്‍ സ്വമേധയാ കേസെടുത്ത ന്യൂനപക്ഷ കമ്മിഷന്റെ സിറ്റിംങിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും , കലക്ടറും, സിറ്റി പൊലീസ് കമ്മിഷണറും റിപ്പോര്‍ട്ട് നല്കിയത്. ഡോ ഷഹ്ന ആത്മഹത്യ ചെയ്തത് ഈ മാസം നാലിനാണ്. തലേദിവസം ഇതേ കോളജിലെ മറ്റൊരു വിദ്യാര്‍ഥിനിയുടെ കുട്ടിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയിലും തിരികെ എത്തും വരെയും ഡോ ഷഹ്ന സന്തോഷവതിയായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. തിരികെ താമസ സ്ഥലത്ത് എത്തിയതിനു ശേഷമുണ്ടായ എന്തോ സംഭവത്തിന്റെ അനന്തര ഫലമായാണ് ഡോ ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് ഡിഎം ഇയുടെ റിപ്പോര്‍ട്ട്.  താമസ്ഥലത്ത് അസ്വാഭാവികമായതെന്തെങ്കിലും സംഭവിച്ചോ എന്ന് പൊലീസ് അന്വേഷിക്കണമെന്ന് ഡി.എം.ഇ നിയോഗിച്ച ഡോക്ടര്‍മാരുടെ അന്വേഷണ സംഘം ആവശ്യപ്പെടുന്നു. 

മരണം നടന്ന തിങ്കളാഴ്ച, രാവിലെ മുതല്‍  ഷഹ്നയും റുവൈസും വാട്സാപ്പില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. തുടര്‍ന്ന് റുവൈസ് വാട്സാപ്പില്‍ ഷഹ്നയെ ബ്ളോക്ക് ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. വന്‍തുക സ്ത്രീധനമാവശ്യപ്പെടുകയും തുടര്‍ന്ന് വിവാഹത്തില്‍ നി്ന്ന് പ്രതി റുവൈസിന്റെ വീട്ടുകാര്‍ പിന്മാറുകയും ചെയ്തതിലെ മനോവിഷമത്തില്‍ ഡോ ഷഹ്ന ജീവനൊടുക്കിയെന്നാണ് കലക്ടറുടേയും പൊലീസിന്റേയും റിപ്പോര്‍ട്ട്. ക്രിസ്മസിനു ശേഷം നടക്കുന്ന സിറ്റിംങില്‍ ന്യൂനപക്ഷ കമ്മിഷന്‍ വീണ്ടും കേസ് പരിഗണിക്കും.

The investigation team is trying to recover the deleted chats