ബിജെപി എംപി പ്രതാപ് സിന്‍ഹ (ഇടത്)
ലോക്സഭയ്ക്കുള്ളില്‍ കടന്ന അക്രമികള്‍ക്ക് പാസ് നല്‍കിയത് ബിജെപി എം.പി. മൈസൂരുവില്‍ നിന്നുള്ള എം.പിയായ പ്രതാപ് സിംഹയാണ് പാസ് നല്‍കിയതെന്ന് കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അധിക സുരക്ഷയ്ക്ക് നടുവില്‍ ലോക്സഭ പുനഃരാരംഭിച്ചുവെങ്കിലും നാലുമണി വരെ നിര്‍ത്തിവച്ചു. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22–ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്. അക്രമികളടക്കം നാലു പേര്‍ ഇതുവരെ സുരക്ഷാസേനയുടെ പിടിയിലായിട്ടുണ്ട്. സാഗര്‍ ശര്‍മ, മനോരഞ്ജന്‍,നീലം(42), അമോല്‍ ഷിന്‍ഡെ(25) എന്നിവരാണ് പിടിയിലായത്. ഇവരെ ഭീകരവിരുദ്ധ സേന ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ക്ക് ഭീകരബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. തങ്ങള്‍ക്ക് തൊഴിലില്ലെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും പിടിയിലായവര്‍ പറഞ്ഞു. അതേസമയം ഗ്യാസ് കാന്‍ പാര്‍ലമെന്‍റ് മന്ദിരത്തിനകത്തേക്ക് കൊണ്ടുപോകാന്‍ ഇവര്‍ക്ക് സഹായം ലഭിച്ചോ എന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്. ലോക്സഭയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ശൂന്യവേളയ്ക്കിടെയാണ് സന്ദര്‍ശക ഗാലറിയില്‍ നിന്നും രണ്ടുപേര്‍ നടുത്തളത്തിലേക്ക് ചാടിയത്. സോക്സിനുള്ളില്‍ ഗ്യാസ് കാനുകള്‍ ഒളിപ്പിച്ചെത്തിയെ അക്രമികള്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇരിപ്പിടങ്ങളിലൂടെ ചാടിക്കടക്കുകയായിരുന്നു. ഏകാധിപത്യം നടപ്പിലാക്കരുതെന്നും ഇവര്‍ മുദ്രാവാക്യം മുഴക്കി. പാര്‍മെന്‍റിന് പുറത്ത് സ്ത്രീയടക്കം പിടിയിലായിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് പാര്‍ലമെന്‍റിന് സുരക്ഷ വര്‍ധിപ്പിച്ചു. ഡല്‍ഹി പൊലീസിന്‍റെ ഭീകര വിരുദ്ധ സ്ക്വാഡ് പാര്‍ലമെന്‍റ് മന്ദിരത്തിനകത്ത് എത്തിയിട്ടുണ്ട്.
ഗുരുതര സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒരാള്‍ സ്പീക്കറുടെ കസേരയിലേക്ക് ഓടാന്‍ ശ്രമിച്ചെന്ന് കാര്‍ത്തി ചിദംബരം വെളിപ്പെടുത്തി. അക്രമികളെ കീഴ്പ്പെടുത്തിയത് എംപിമാരെന്ന് ഡീന്‍ കുര്യാക്കോസും അക്രമികള്‍ ബ്ലാങ്കറ്റ് ധരിച്ചാണ് എത്തിയതെന്ന് രമ്യഹരിദാസ് എംപിയും പറഞ്ഞു. അക്രമത്തെ കുറിച്ച് നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പര്യാപ്തമല്ലെന്നും ആഭ്യന്തരമന്ത്രി വിശദീകരിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പിയൂഷ് ഗോയലിന്‍റെ പ്രതികരണം.
Accused uses pass issued on Pratap Simha's reference