ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഭരണഘടനയുടെ 370 ആം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറയുക. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്.
എന്താണ് ഭരണഘടനയിലെ 370–ാം വകുപ്പ്?
ജമ്മു കശ്‌മീരിന് പ്രത്യേക സംസ്‌ഥാനപദവി നൽകുന്നതായിരുന്നു ഭരണഘടനയിലെ 370-ാം വകുപ്പ്. 1947ല്‍ ജമ്മു കശ്മീര്‍ ഇന്ത്യയുമായി ചേര്‍ക്കാനുള്ള നീക്കത്തില്‍ അന്നത്തെ ഭരണാധികാരി മഹാരാജാ ഹരി സിങ്ങുമായുള്ള കരാര്‍ ഇങ്ങനെയായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ മൂന്നു കാര്യങ്ങളില്‍ മാത്രം ഇന്ത്യന്‍ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാക്കാം. 1949ല്‍ ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ഇതിനെ ജമ്മു കശ്മീരിനുള്ള പ്രത്യേകപദവി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാക്കുന്നതില്‍ വിജയിച്ചു.
പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം, ധനകാര്യം എന്നിവയിലൊഴികെ രാജ്യത്തെ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുവാദം വേണം. പൗരത്വം, ഭൂ ഉടമസ്ഥാവകാശം, മൗലികാവകാശങ്ങള്‍ എന്നിവയിലെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കശ്മീരിലെ നിയമങ്ങള്‍.സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ല. പൗരത്വം നിര്‍വചിക്കാന്‍ ജമ്മു കശ്മീര്‍ നിയമസഭയ്ക്ക് സമ്പൂര്‍ണ അധികാരം നല്‍കുന്നു 1954 ല്‍ കൂട്ടി ചേര്‍ക്കപ്പെട്ട 35 A വകുപ്പ്. ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ സര്‍വീസുകളിലെ തൊഴിലവസരവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാണ്. മറ്റ് സംസ്ഥാനക്കാര്‍ക്ക് ഇവിടെ ഭൂമി വാങ്ങാന്‍ സാധിക്കില്ല. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പികള്‍ക്ക് അപേക്ഷിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവകാശമില്ല.
Supreme Court to pronounce verdict on scraping of article 370 today