kapilsibalnewsc-11

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികളിന്‍മേല്‍ സുപ്രീംകോടതി വിധി വരാനിരിക്കെ ആകാംക്ഷയുണർത്തി മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബല്‍. ചില യുദ്ധങ്ങള്‍ പരാജയപ്പെടുമെന്നറിഞ്ഞാണ് പൊരുതുന്നതെന്നും അപ്രിയ സത്യങ്ങളെ വരുംതലമുറകളെ അറിയിക്കാന്‍ ചരിത്രം അത്തരം യുദ്ധങ്ങളെ രേഖപ്പെടുത്തണമെന്നും സിബിൽ ട്വീറ്റ് ചെയ്തു.

ട്വീറ്റീന്‍റെ പൂര്‍ണരൂപം ഇങ്ങനെ... "കോടതികൾ... ചില യുദ്ധങ്ങൾ പരാജയപ്പെടുമെന്നറിഞ്ഞു തന്നെയാണ് പൊരുതുന്നത്. ചില അപ്രിയസത്യങ്ങൾ വരും തലമുറകളെ അറിയിക്കാൻ അത്തരം യുദ്ധങ്ങളെ ചരിത്രം രേഖപ്പെടുത്തുക തന്നെ വേണം. ഭരണകൂടത്തിന്റെ ചെയ്തികളുടെ ശരിതെറ്റുകൾ വർഷങ്ങളോളം ചർച്ച ചെയ്യപ്പെടും. ചരിത്രപരമായ തീരുമാനങ്ങളുടെ ധാർമിക അടിത്തറയുടെ അന്തിമ വിധികർത്താവ് ചരിത്രം തന്നെയാണ്.' കേസില്‍ ഹര്‍ജിക്കാര്‍ക്കുവേണ്ടി കപില്‍ സിബല്‍ ഹാജരായിരുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. 16 ദിവസം നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ സെപ്റ്റംബര്‍ അഞ്ചിന് സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റി വയ്ക്കുകയായിരുന്നു.

 

എന്താണ് ആര്‍ട്ടിക്കിള്‍ 370

ജമ്മു കശ്‌മീരിന് പ്രത്യേക സംസ്‌ഥാനപദവി നൽകുന്നതായിരുന്നു ഭരണഘടനയിലെ 370-ാം വകുപ്പ്. 1947ല്‍ ജമ്മു കശ്മീര്‍ ഇന്ത്യയുമായി ചേര്‍ക്കാനുള്ള നീക്കത്തില്‍ അന്നത്തെ ഭരണാധികാരി മഹാരാജാ ഹരി സിങ്ങുമായുള്ള കരാര്‍ ഇങ്ങനെയായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ മൂന്നു കാര്യങ്ങളില്‍ മാത്രം ഇന്ത്യന്‍ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാക്കാം. 1949ല്‍ ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ഇതിനെ ജമ്മു കശ്മീരിനുള്ള പ്രത്യേകപദവി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാക്കുന്നതില്‍ വിജയിച്ചു.പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം, ധനകാര്യം എന്നിവയിലൊഴികെ രാജ്യത്തെ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുവാദം വേണം.

പൗരത്വം, ഭൂ ഉടമസ്ഥാവകാശം, മൗലികാവകാശങ്ങള്‍ എന്നിവയിലെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കശ്മീരിലെ നിയമങ്ങള്‍.സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ല. പൗരത്വം നിര്‍വചിക്കാന്‍ ജമ്മു കശ്മീര്‍ നിയമസഭയ്ക്ക് സമ്പൂര്‍ണ അധികാരം നല്‍കുന്നു 1954 ല്‍ കൂട്ടി ചേര്‍ക്കപ്പെട്ട 35 A വകുപ്പ്. ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ സര്‍വീസുകളിലെ തൊഴിലവസരവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാണ്. മറ്റ് സംസ്ഥാനക്കാര്‍ക്ക് ഇവിടെ ഭൂമി വാങ്ങാന്‍ സാധിക്കില്ല. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പികള്‍ക്ക് അപേക്ഷിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവകാശമില്ല.

 

Some battles are fought to be lost says Kapil Sibal ahead of Sc verdict