ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 370 ആം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധി. ജമ്മുകശ്മീരിന് പരമാധികാരമില്ലെന്നും ഭരണഘടനയുടെ 370–ാം അനുച്ഛേദം താല്‍കാലികമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടമാണെന്ന് ആവര്‍ത്തിച്ച കോടതി പ്രദേശം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമാണെന്നും ജമ്മുകശ്മീര്‍ ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചാണെന്നും കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി ഇന്ത്യയിലേക്ക് ചേര്‍ക്കുന്നതിനായി താല്‍കാലികമായി അനുവദിച്ചതാണ്. യുദ്ധസമാന സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അത് നീക്കാന്‍ ഭരണഘടനയ്ക്ക് അധികാരമുണ്ടെന്നും വിധിയില്‍ പറയുന്നു.
അതേസമയം, ജമ്മു കശ്മീരിലെ നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടാനാവില്ലെന്നും സര്‍ക്കാര്‍ ഉത്തരവിന്‍റെ സാധുത തള്ളിക്കളയാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിന്‍റെ ഭരണഘടന ഭേദഗതി ചെയ്യാനാകുന്നതാണെന്നും കോടതി അസന്നിഗ്ധമായി വ്യക്തമാക്കി. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയും സുപ്രീംകോടതി ശരിവച്ചു. ജമ്മുകശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കണം. തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് നിര്‍ദേശിച്ച കോടതി 2024 സെപ്റ്റംബര്‍ 30 വരെ ഇതിനായി സമയം അനുവദിച്ചു. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കി നിലനിര്‍ത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതും കോടതി ശരിവച്ചിട്ടുണ്ട്. 370 (3) പ്രകാരം 370 റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും അതിനെ സുപ്രീംകോടതിക്ക് ചോദ്യം ചെയ്യാനാവില്ലെന്നും വിധിയില്‍ പറയുന്നു.
2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. 16 ദിവസം നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ സെപ്റ്റംബര്‍ അഞ്ചിന് സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റി വയ്ക്കുകയായിരുന്നു.
വിധി വരുന്നതിന് മുന്നോടിയായി ജമ്മു കശ്മീരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുല്ലയുമടക്കമുള്ളവര്‍ വീട്ടുതടങ്കലിലാണെന്ന് വ്യക്തമാക്കി. അതേസമയം, ആരെയും കരുതല്‍ തടങ്കലിലാക്കിയിട്ടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു.
എന്താണ് ആര്‍ട്ടിക്കിള്‍ 370
ജമ്മു കശ്‌മീരിന് പ്രത്യേക സംസ്‌ഥാനപദവി നൽകുന്നതായിരുന്നു ഭരണഘടനയിലെ 370-ാം വകുപ്പ്. 1947ല്‍ ജമ്മു കശ്മീര്‍ ഇന്ത്യയുമായി ചേര്‍ക്കാനുള്ള നീക്കത്തില്‍ അന്നത്തെ ഭരണാധികാരി മഹാരാജാ ഹരി സിങ്ങുമായുള്ള കരാര്‍ ഇങ്ങനെയായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ മൂന്നു കാര്യങ്ങളില്‍ മാത്രം ഇന്ത്യന്‍ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാക്കാം. 1949ല്‍ ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ഇതിനെ ജമ്മു കശ്മീരിനുള്ള പ്രത്യേകപദവി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാക്കുന്നതില്‍ വിജയിച്ചു.പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം, ധനകാര്യം എന്നിവയിലൊഴികെ രാജ്യത്തെ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുവാദം വേണം.
പൗരത്വം, ഭൂ ഉടമസ്ഥാവകാശം, മൗലികാവകാശങ്ങള്‍ എന്നിവയിലെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കശ്മീരിലെ നിയമങ്ങള്‍.സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ല. പൗരത്വം നിര്‍വചിക്കാന്‍ ജമ്മു കശ്മീര്‍ നിയമസഭയ്ക്ക് സമ്പൂര്‍ണ അധികാരം നല്‍കുന്നു 1954 ല്‍ കൂട്ടി ചേര്‍ക്കപ്പെട്ട 35 A വകുപ്പ്. ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ സര്‍വീസുകളിലെ തൊഴിലവസരവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാണ്. മറ്റ് സംസ്ഥാനക്കാര്‍ക്ക് ഇവിടെ ഭൂമി വാങ്ങാന്‍ സാധിക്കില്ല. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവകാശമില്ല.
Article 370 is a temporary provision, Supreme court upholds scraping of article 370