kanam-funeral

12 മണിക്കൂർ നീണ്ട വിലാപയാത്രയ്ക്ക് ശേഷം കാനം രാജേന്ദ്രന്റെ ഭൗതികശരീരം കാനത്തെ വസതിയിൽ എത്തിച്ചു. നൂറുകണക്കിന് പ്രവർത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ഒടുവിൽ ഭൗതികശരീരം സ്വന്തം മണ്ണില്‍ എത്തിയത്. ഇന്ന് 11 മണിയോടെ നടക്കുന്ന  സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിലാപയാത്ര കോട്ടയത്തെത്താൻ പതിവിലും വൈകി..എംസി റോഡിന്റെ ഇരുവശവും പ്രവർത്തകർ തടിച്ചുകൂടി

 

കന്യാകുളങ്ങരയിലും  കിളിമാനൂരും തടിച്ചു കൂടിയ ജനക്കൂട്ടത്തെ ഭേദിച്ച് കൊല്ലത്തെ സിപിഐയുടെ ശക്തി കേന്ദ്രങ്ങളിലേക്ക്. പറഞ്ഞതിലും വൈകിയെങ്കിലും ജനം നേതാവിനെ കാണാൻ ക്ഷമയോടെ കാത്തുനിന്നു. 

ജില്ലാ അതിർത്തിയായ ചങ്ങനാശ്ശേരിയിൽ  വെച്ച്‌ കോട്ടയം സിപിഐ ജില്ലാ സെക്രട്ടറി വിബി ബിനു  ഭൗതികശരീരം ഏറ്റുവാങ്ങുമ്പോൾ അർദ്ധരാത്രിയായി. സ്വന്തം തട്ടകത്തിലേക്കുള്ള വേദനാജനകമായ മടക്കം.. കാനത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങൾ ഏറെ കേട്ട തിരുനക്കര മൈതാനവും വിലാപയാത്രയിൽ മൗനം ചൂടി.

 

നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം നേതാക്കളും രാഷ്ട്രീയം മറന്ന് അന്ത്യഞ്ജലി അർപ്പിക്കാൻ സിപിഐ ഡിസി ഓഫീസിലേക്ക്. രണ്ടുമണിക്കൂർ നീണ്ട പൊതുദർശനത്തിനുശേഷം പുലർച്ചെ രണ്ടരയോടെയാണ് ഭൗതികശരീരം കാനത്തെ വീട്ടിലെത്തിച്ചത് . 

 

Kanam Rajendran to be laid to rest today