സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി രാഷ്ട്രീയകേരളം. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച ഭൗതികദേഹം പാര്‍ട്ടിയുടെ താല്‍കാലിക ആസ്ഥാനമായ പി.എസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കോണ്‍ഗ്രസ് നേതാക്കളായ എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടെ സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകള്‍ അദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
രോഗത്തെ തോല്‍പ്പിച്ച് ഉറച്ച നിലപാടുകളുമായി കാനം സഖാവ് മടങ്ങിവരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഇനിയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. രാവിലെ എട്ട് മണിയോടെ കൊച്ചിയിലെ ആശുപത്രിയില്‍ നിന്ന് വിമാനത്താവളത്തിലെത്തിച്ച സഖാവിന് മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകരുടെ ആദ്യ അന്ത്യാഞ്ജലി.
വിമാനത്തില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ മന്ത്രിമാരായ കെ.രാജനും പി.പ്രസാദും അനുഗമിച്ചു. തലസ്ഥാനത്തേക്കുള്ള അവസാനവരവിനെ വരവേല്‍ക്കാന്‍ ഓര്‍മകളുമായി സഖാക്കള്‍ കാത്തിരുന്നു. രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞും പ്രചരിപ്പിച്ചും നിറഞ്ഞ് നിന്ന തലസ്ഥാന നഗരവീഥിയിലൂടെ വിലാപയാത്ര.
ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ പൊതുദര്‍ശനം തീരുമാനിച്ചിരുന്നെങ്കിലും സൗകര്യക്കുറവ് മൂലം ഒഴിവാക്കി. ഒടുവില്‍ ചികിത്സക്കായി ആശുപത്രിയിലേക്കുള്ള യാത്രയാരംഭിച്ച സി.പി.ഐയുടെ താല്‍കാലിക സംസ്ഥാന കമ്മിറ്റി ഓഫീസായ പട്ടത്തെ പി.എസ് സ്മാരക മന്ദിരത്തിലേക്ക് അവസാനമായി കടന്നുവന്നു. രാഷ്ട്രീയഭേദമില്ലാതെ ആദരം അര്‍പ്പിക്കാനായി തലസ്ഥാനം അവിടേക്ക് നടന്നെത്തി.
State capital to bid adieu to CPI veteran Kanam Rajendran; funeral on Sunday