ഹെല്‍ത് ആന്‍ഡ് കെയര്‍ വീസയിലും കടുത്ത നിയന്ത്രണവുമായി യു.കെ. നഴ്സുമാര്‍ക്ക് പുറമേ ഏറ്റവുമധികം മലയാളികള്‍ ആശ്രയിച്ചിരുന്ന ഈ വീസയില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ പങ്കാളിയെയോ മക്കളെയോ കൊണ്ടുവരാനാവില്ല. കുടുംബവീസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 26200 പൗണ്ടില്‍ നിന്ന് 38700 ആയി ഉയര്‍ത്തി. അതേസമയം, എന്‍എച്ച്എസ് ജോലികള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയാണ് ഇക്കാര്യം അറിയിച്ചത്.
ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ളവര്‍ക്ക് നല്‍കിയിരുന്ന 20 ശതമാനം കിഴിവും നീക്കം ചെയ്യും. കുടിയേറ്റം മൂലം പൊതുസേവനങ്ങളിലും, വീടുകളുടെ ലഭ്യതയിലും ജോലിയിലും പ്രകടമായ മാറ്റങ്ങള്‍ പൗരന്‍മാരിലുണ്ടാക്കിയ ആശങ്ക പരിഹരിക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. യുകെയിലേക്ക് കുടിയേറി എത്തുന്നവരുടെയും യുകെ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് കുടിയേറുന്ന പൗരന്‍മാരുടെയും എണ്ണം തമ്മിലുള്ള വ്യത്യാസം റെക്കോര്‍ഡിലെത്തിയതോടെയാണ് നിയന്ത്രണങ്ങള്‍. യുകെ വിട്ടുപോകുന്ന പൗരന്‍മാരുടെ എണ്ണം കുറയ്ക്കാന്‍ മതിയായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് എംപിമാരില്‍ നിന്നും സര്‍ക്കാരിന് നിരന്തര സമ്മര്‍ദമുണ്ടായിരുന്നു. അതേസമയം പുതിയ നീക്കം യുകെയുടെ സമ്പദ് വ്യവസ്ഥയെയും, എന്‍എച്ച്എസിന്‍റെ പ്രവര്‍ത്തനങ്ങളെയും വിദ്യാഭ്യാസ മേഖലയെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ലണ്ടനില്‍ നിന്ന് ടോമി വട്ടവനാലിന്റെ റിപ്പോര്‍ട്ട് കാണാം.
The right for Health & Care visa holders to bring dependants to the UK will be removed.