muthalapozhi-harbour-2
  • ‘പദ്ധതിരേഖ തയാറാക്കിയത് വിദഗ്ധസംഘത്തിന്റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാതെ’
  • സുരക്ഷാ നടപടികളേക്കാള്‍ സൗന്ദര്യവല്‍ക്കരണത്തിന് ഊന്നലെന്ന് വിമര്‍ശനം
  • അടൂര്‍പ്രകാശിന്റെ ചോദ്യത്തിനാണ് ഫിഷറീസ് മന്ത്രിയുടെ മറുപടി

 

മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍. സുരക്ഷയ്ക്ക് പകരം സൗന്ദര്യവല്‍ക്കരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് വിമര്‍ശനം. വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ പോലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേരളത്തോട് ആവശ്യപ്പെട്ടതായി അടൂര്‍ പ്രകാശിന്‍റെ ചോദ്യത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രി മറുപടി നല്‍കി. 

 

മുതലപ്പൊഴിയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഉറപ്പാക്കാനുള്ള നടപടികള്‍ക്കായി 50 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് അപര്യാപ്തമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. കേരളത്തിന്‍റെ അപേക്ഷ അനുബന്ധ സൗകര്യങ്ങളുടെ വികസനത്തിന് വേണ്ടിയുള്ളതായിരുന്നു. ഹാര്‍ബറിനോട് ബന്ധപ്പെട്ട റോഡ്, പാര്‍ക്കിങ് ഏരിയ, കെട്ടിടങ്ങള്‍, കോള്‍ഡ് സ്റ്റോറേജ് തുടങ്ങിയവയുടെ നിര്‍മാണത്തിനും ഹാര്‍ബറിന്‍റെ സൗന്ദര്യവല്‍ക്കരണത്തിനുമാണ് കേരളം ഉൗന്നല്‍ നല്‍കിയതെന്നാണ് വിമര്‍ശനം. 

 

ഹാര്‍ബറിലെ സുരക്ഷാപ്രശ്നങ്ങള്‍ പഠിച്ച പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍റെ നിര്‍ദേശങ്ങള്‍ കേരളത്തിന്‍റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിദഗ്ധ സംഘത്തിന്‍റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി പര്‍ഷോത്തം റുപാല അറിയിച്ചു. ജൂലൈയില്‍ മൂന്നംഗ കേന്ദ്രസംഘം മുതലപ്പൊഴിയില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഹാര്‍ബറിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്രസംഘം നിര്‍ദേശിച്ച പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് വിഴിഞ്ഞം തുറമുഖത്തിന്‍റെ കരാര്‍ എടുത്ത ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

Muthalapozhi harbour: Central government rejects Kerala's project plan