nursing-admission-2

 

കേരളത്തിലെ വിവിധ കോളേജുകളിൽ നഴ്സിങ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് 93 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര ചക്കുവളവിൽ താമസിക്കുന്ന സലാഹുദ്ദീൻ അഹമ്മദ്, തിരുവനന്തപുരം തിരുവല്ലം നെല്ലിയോട് സ്വദേശി ബീന  എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത്. രണ്ടാം പ്രതിയായ ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തിയിരുന്ന ആളാണ്. 

 

തിരുവനന്തപുരത്ത് സ്വകാര്യ എൻജിനീയറിങ്ങ് കോളജിൽ അഡ്മിഷൻ മാനേജരായും ഇവർ ജോലി ചെയ്തിരുന്നു. പ്രൈവറ്റ് നഴ്സിങ് അസോസിയേഷൻ അംഗമായ ഒരാളുടെ സഹായത്തോടെ  എല്‍ബിഎസിന്റെ പേരിൽ വ്യാജ അലോട്ട്മെന്റ് മെമ്മോകളും സർക്കുലറുകളും ഇവർ അയച്ചിരുന്നു. ഇത്തരം വ്യാജ രേഖകൾ കാണിച്ച് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയിരുന്നത്.

 

രണ്ടാം പ്രതിയായ ബീന സമാന കേസിൽ മാവേലിക്കരയിലും എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലും നേരത്തെ പോലീസിന്റെ പിടിയിലായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി പോലീസിന് സംശയമുണ്ട്. കായംകുളം ഡിവൈ എസ്പി അജയ് നാഥ്, സിഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

Duo arrested for duping nursing aspirants of Rs 93 lakh promising admission to colleges...