chenna-rain-flood-5
  • മിഗ്ജോം ചുഴലിക്കാറ്റ് നാളെ ആന്ധ്രതീരം തൊടും
  • ചെന്നൈയിലേത് 47വര്‍ഷത്തിനിടയിലെ ശക്തമായ മഴ
  • വാഹനങ്ങള്‍ ഒഴുകിപ്പോയി; ട്രെയിന്‍, വ്യോമഗതാഗതം തടസപ്പെട്ടു

 

മിഗ്ജോം ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ചെന്നൈയെ ദുരിതക്കയത്തിലാക്കി പ്രളയം. മഴക്കെടുതിയിൽ നാലു പേർ മരിച്ചു. നഗരത്തിലെ ഭൂരിഭാഗം മേഖലയും വെള്ളത്തിനടിയിലായി. റെയിൽ, റോഡ്, വ്യോമഗതാഗതം സ്തംഭിച്ചു. വൈദ്യുതി മുടങ്ങിയതോടെ നഗരം ഇരുട്ടിലായി. 47 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ മഴയാണ് ചെന്നൈയിൽ ലഭിക്കുന്നത്.

 

രാവിലെ മുതൽ തുടങ്ങിയ ശക്തമായ മഴയും കാറ്റും ചെന്നൈ നഗരത്തെ വെള്ളത്തിൽ മുക്കി.  ചെന്നൈയിൽ നിന്നും 90 കിലോമീറ്റർ അകലെയാണ് നിലവിൽ മെഗ്ജോം ചുഴലിക്കാറ്റ് ഉള്ളത്. തമിഴ്നാട് തീരത്തിനോട് സമാന്തരമായി സഞ്ചരിച്ച് നാളെ പുലർച്ചെ ആന്ധ്രപ്രദേശിലാണ് കാറ്റ് കര തൊടുക. കാറ്റിന്റെ പ്രഭാവത്തിൽ ചെന്നൈ നഗരത്തിൽ 47 വർഷത്തിനിടയിലുള്ള ശക്തമായ മഴയാണ് ലഭിക്കുന്നത്. 36 സെന്റിമീറ്റർ , 2015 പ്രളയ കാലത്ത് ഇത് 33 സെ.മിയായിരുന്നു. ചെന്നൈ ജില്ലയിലെ ആറ് പ്രധാനപ്പെട്ട ഡാമുകളിൽ 98% വെള്ളം നിറഞ്ഞു. ചെമ്പരമ്പാക്കം അണക്കെട്ടിൽ നിന്ന് 6000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. 

 

ചെന്നൈ ഇ.സി. ആറിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. എം.ജി റോഡിൽ മരം വീണ് ഒരാളും ബ്രോഡ് വേയിൽ വൈദ്യുതാഘാതമെറ്റ് വയോധികനും മരിച്ചു. വേലഞ്ചേരിയിൽ കെട്ടിടം തകർന്നു വീണ് 6 പേർക്ക് പരുക്കേറ്റു. മടിപ്പാക്കത്ത് ഫ്ലാറ്റ് സമുച്ചയത്തിൽ നിർത്തിയിട്ടിരുന്ന കാറുകൾ ഒഴുകിപ്പോയി. ചെന്നൈ വിമാനത്താവളം രാവിലെ മുതൽ അടച്ചിരുന്നു. റെയിൽവേ ചെന്നൈയിൽ നിന്നുള്ള 38 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മൂന്ന് സംസ്ഥാനങ്ങളായി 118 ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ 5000ത്തോളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഫോണിൽ വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. എൻടിആർഎഫ് സംഘത്തിനൊപ്പം ചെന്നൈയിൽ 21 യൂണിറ്റ് സൈനികരം രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്. 

 

 

Cyclone Michaung heavy rain continues in Chennai