bjp-lead-in-mp

മധ്യപ്രദേശില്‍ 156 സീറ്റില്‍ ബിജെപി ലീഡ് തുടരുമ്പോള്‍ ഉറച്ച വിജയ പ്രതീക്ഷയുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷ അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവച്ച‍ു. 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 116 സീറ്റുകളുടെ ഭൂരിപക്ഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 71 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നേറ്റം തുടരുന്നുണ്ട്. ബുധ്നിയില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ലീഡ് ചെയ്യുകയാണ്. 

 

ഇതിനിടെ ഹിന്ദി ഹൃദയഭൂമിയിലെ മുന്നേറ്റം ബിജെപിക്ക് കരുത്താകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തും. ഛത്തീസ്ഗഡ് എന്ന കച്ചിത്തുരുമ്പും കൈവിട്ടതോടെ കോണ്‍ഗ്രസ് ക്യാംപില്‍ മൂകത.  എ.ഐ.സി.സി ആസ്ഥാനത്ത് തുടങ്ങിവച്ച ആഘോഷം നിര്‍ത്തിവച്ചു. 

 

അതേസമയം ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് വിജയാഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി ശർമ്മ പാർട്ടി പ്രവർത്തകരെ കാണുകയും മധുരം നല്‍കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ തങ്ങളെ സഹായിച്ചെന്നും. വലിയ മാർജിനിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

 

അഞ്ചുകോടി അറുപത്തിയൊന്ന് ലക്ഷത്തിമുപ്പത്തിയാറായിരത്തി ഇരുന്നൂറ്റിയിരുപത്തിയൊന്‍പത് വോട്ടര്‍മാരാണ് മധ്യപ്രദേശിലുള്ളത്. 2018ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസായിരുന്നെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ വിമതനീക്കത്തിൽ സർക്കാർ വീണു. ഇതോടെ ഭരണം ബിജെപിയിലെത്തി. 2020 മുതല്‍ ശിവ​രാജ് സിങ് ചൗഹാനാണ് മധ്യപ്രദേശിന്‍റെ മുഖ്യമന്ത്രി. ശിവരാജ് സിങ് ചൗഹാനെ (ബുധിനി) കൂടാതെ കമല്‍നാഥ് (ഛിദ്വാര), അജയ് അര്‍ജുന്‍ സിങ്, കൈലാശ് വിജയ് വര്‍ഗിയ (ഇന്‍ഡോര്‍), ജയ്​വര്‍ധന്‍ സിങ്, ഗോവിന്ദ് സിങ് രാജ്പുത്, പ്രഹ്ലാദ് സിങ് പട്ടേല്‍, നരേന്ദ്രസിങ് തോമാര്‍ എന്നിവരാണ് ജനവിധി അറിയാന്‍ കാത്തിരിക്കുന്നവരില്‍ പ്രമുഖര്‍.

BJP's Shivraj Singh Chouhan said the BJP will retain power in Madhya Pradesh with a huge majority.