തെലങ്കാനയുടെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. മുന്‍തൂക്കമെന്നും നേട്ടമെന്നും പ്രവചിച്ച എക്സിറ്റ് പോളുകളെ പോലും അതിശയിപ്പിക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ പുറത്തെടുത്തത്. നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 64 സീറ്റുകളിലാണ് കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. വോട്ടെണ്ണിക്കഴിയുമ്പോള്‍ ഇത് 74–78 വരെ എത്തുമെന്ന് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആത്മവിശ്വാസത്തോടെ പറയുന്നു.
ജനങ്ങളുടെ മനസറിഞ്ഞുള്ള നേതാക്കളുടെ പ്രവര്‍ത്തനവും ഒപ്പം സുനില്‍ കനഗോലുവെന്ന രാഷ്ട്രീയതന്ത്രജ്ഞനും ചേര്‍ന്നപ്പോഴാണ് ശക്തികേന്ദ്രങ്ങളില്‍ ബിആര്‍എസിനെ നിഷ്പ്രഭമാക്കിയുള്ള ആ മുന്നേറ്റം സാധ്യമായത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ചതിന് പിന്നാലെയാണ് തെലങ്കാന പിടിക്കുകയെന്ന ദൗത്യം സുനില്‍ കനഗോലുവിനെ ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചത്. കനഗോലുവിനെ സംസ്ഥാനത്ത് സ്വീകരിക്കാന്‍ കമല്‍നാഥും അശോക് ഗെലോട്ടും വിമുഖത കാണിച്ചപ്പോള്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതൃത്വം രണ്ടുകൈയും നീട്ടി സ്വീകരിച്ചു.
തെലങ്കാനയില്‍ തികഞ്ഞ സ്വാതന്ത്ര്യം ലഭിച്ചിരുന്നുവെന്ന് കനഗോലുവിന്‍റെ സംഘാംഗം പറയുന്നു. സംസ്ഥാനത്തിനുള്ളില്‍ സര്‍വേ നടത്തി, ജനങ്ങളുടെ പള്‍സറിഞ്ഞ് അത് നേതൃത്വത്തിന് കൈമാറിയപ്പോള്‍ അത് മനസിലാക്കി പ്രവര്‍ത്തന ശൈലിമാറ്റാന്‍, പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ തെലങ്കാനയിലെ നേതൃത്വം തയ്യാറായതിന്‍റെ ഫലമാണ് ഈ മുന്നേറ്റമെന്നും അദ്ദേഹം പറയുന്നു.
രാജസ്ഥാനിലെത്തിയ കനഗോലുവും സംഘവും വിജയസാധ്യതയില്ലാത്തവര്‍ക്ക് ടിക്കറ്റ് നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ 'തന്ത്രജ്ഞരെക്കാളും സംസ്ഥാനത്തിന്‍റെ മനസ് തനിക്കറിയാമെന്നാ'യിരുന്നു മുഖ്യമന്ത്രിയായ ഗെലോട്ടിന്‍റെ നിലപാട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി തെലങ്കാനയിലെ പാര്‍ട്ടി നേതൃത്വം യാതൊരുതരത്തിലുള്ള സമ്മര്‍ദവും സര്‍വേകളിലോ പഠനങ്ങളിലോ ചെലുത്തിയില്ലെന്നും നേതാക്കള്‍ക്ക് പ്രിയപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കാനാവശ്യപ്പെട്ടിട്ടില്ലെന്നും ദേശീയ മാധ്യമത്തോട് കനഗോലുവിന്‍റെ ടീമംഗം വെളിപ്പെടുത്തി. അത്രയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതിനാല്‍ തന്നെ കടുത്ത പോരാട്ടം വേണ്ടി വരും വിജയിക്കാനെന്ന സത്യം നേതൃത്വത്തെയും അണികളെയും ബോധ്യപ്പെടുത്താനായെന്നും അതനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചതിന് ഫലം കണ്ടുവെന്നും ടീം വ്യക്തമാക്കുന്നു. പ്രശാന്ത് കിഷോറിന്‍റെ ഐ–പാക് ടീമിനൊപ്പമായിരുന്നു ആദ്യം കനഗോലു. കര്‍ണാടകയിലെ മിന്നും വിജയത്തിന് പിന്നാലെ കാബിനറ്റ് പദവിയടക്കം സിദ്ധരാമയ്യ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി.
പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി പിരിഞ്ഞതോടെയാണ് കര്‍ണാടകയിലെ ബെല്ലാരിക്കാരനായ കനഗോലു എത്തുന്നത്. 2024ലേക്ക് പാര്‍ട്ടിയെ ഒരുക്കാന്‍ സോണിയ നിയോഗിച്ച കോൺഗ്രസ് ദൗത്യസംഘത്തിന്റെ ഭാഗമായി. മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് കനഗോലു തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമല്ല, അത് നടപ്പിലാക്കാന്‍ കൂടിയുള്ളതാണെന്ന് കര്‍ണാടകയില്‍ അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഓര്‍മിപ്പിക്കാനും ഗൃഹലക്ഷ്മി, യുവനിധി, അന്നഭാഗ്യ, സഖി, ഗൃഹജ്യോതി തുടങ്ങിയ ജനോപകാരപ്രദമായ പദ്ധതികള്‍ അധികാരമേറ്റതിന് പിന്നാലെ അംഗീകരിപ്പിക്കാനും കനഗോലുവിന് കഴിഞ്ഞു. കര്‍ണാടകയില്‍ പയറ്റിത്തെളിഞ്ഞ ഈ തന്ത്രം കോണ്‍ഗ്രസിന് തെലങ്കാനയിലും മുന്നേറ്റമുണ്ടാക്കിയപ്പോള്‍ ഇത് പൊതുതിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. കനഗോലു മെനയുന്ന തന്ത്രങ്ങള്‍ 2024 ല്‍ ഭരണമാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.
Another big win for congress, proud moment for Sunil Kanugolu