കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ട് പോകപ്പെട്ട ആറുവയസുകാരിയെ വൈകുന്നേരത്തോടെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് മുത്തച്ഛന്‍. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന് പേടി വിട്ടുമാറിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിങ്കളാഴ്ച വൈകുന്നേരം സഹോദരനുമൊത്ത് നടന്ന് വരുന്നതിനിടയിലാണ് കുഞ്ഞിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. 20 മണിക്കൂറിന് ശേഷം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് പ്രതികള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കോളജില്‍ നിന്നും പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനികളാണ് കുഞ്ഞിനെ കണ്ടെത്തുകയും മറ്റുള്ളവരെ വിവരമറിയിക്കുകയും ചെയ്തത്.
അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതാരെന്ന് കണ്ടെത്താന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. വീടുമായി അടുത്ത ബന്ധമുള്ളവരാകാം തട്ടിക്കൊണ്ട് പോയതെന്നും അതല്ല, ക്വട്ടേഷന്‍ സംഘമാണെന്നും സംശയങ്ങളുണ്ട്. ഇതോടെ വരുംദിവസങ്ങളില്‍ കൂടുതല്‍ പേരുടെ രേഖാചിത്രം തയ്യാറാക്കാനും ചോദ്യം ചെയ്യാനുമാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും പൊലീസിന് സംശയമുണ്ട്. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നെന്ന് പറയാന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. നീല കാറിലാണ് ആശ്രാമത്തേക്ക് എത്തിയതെന്ന് പറയണമെന്നും നിര്‍ദേശിച്ചുവെന്നും പൊലീസ് പറയുന്നു. കുട്ടി പറയുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നും അതിനായി വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
will bring minor girl to home today, grandfather