മരിച്ചിട്ടും അനശ്വരനായി സെല്‍വിന്‍ ശേഖർ. കന്യാകുമാരി സ്വദേശിയും നഴ്സുമായിരുന്ന സെൽവിന്റെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ആറുപേർക്കാണ് പുതുജീവൻ നൽകുക. കൊച്ചി ലിസി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കായംകുളം സ്വദേശിയായ പതിനാറുകാരൻ ഹരിനാരായണനാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായത്. സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്ററിലാണ് ഹൃദയം കൊച്ചിയിൽ എത്തിച്ചത്. 

 

മസ്തിഷ്ക  മരണമടഞ്ഞ തമിഴ്നാട് കന്യാകുമാരി സ്വദേശി സെല്‍വിന്‍ ശേഖര്‍ അവയവദാനത്തിലെ വേറിട്ട മുഖമായി. ഹൃദയവും വ്യക്കകളുമുള്‍പ്പടെ ദാനം ചെയ്ത സെല്‍വിന്‍ ഒന്നിലേറെ പേര്‍ക്ക് ജീവനായി, ജനഹൃദയങ്ങളിലേറി. രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തുനിന്ന് ഹൃദയവുമായി ഹെലികോപ്ടര്‍ കൊച്ചിക്ക് പുറപ്പെട്ടത്. 45 മിനിറ്റിന് ശേഷം ഹൃദയം കൊച്ചിയില്‍

 

ബോൾഗാട്ടി ഹെലിപ്പാടിൽ നിന്ന് മിന്നല്‍ വേഗത്തില്‍ ലിസി ആശുപത്രിയിലേക്ക്. ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖത്തെ തുടർന്നാണ് കായംകുളം സ്വദേശിയായ ഹരി നാരായണൻ ഹൃദയം മാറ്റിവയ്ക്കലിന് വിധേയമാകുന്നത്. ഹൃദയം നല്‍കിയവര്‍ക്ക് നന്ദിയെന്ന് ഹരി നാരായണന്റെ അമ്മ പറഞ്ഞു. ആറുപേര്‍ക്ക് ജീവിതമേകിയാണ് മുപ്പത്താറുകാരനായി സെല്‍വിന്‍ മടങ്ങുന്നത്. രണ്ടുവൃക്കകളും കണ്ണുകളും പാന്‍ക്രിയാസും ഹൃദയവുമാണ് നാല് ആശുപത്രികളിലായി മറ്റുള്ളവര്‍ക്ക് തുടിപ്പേകുന്നത്.