കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,ഇടുക്കി,എറണാകുളം, വയനാട് ജില്ലകളിലാണ് യെലോ അലര്‍ട് നിലവിലുള്ളത്. പത്തനംതിട്ട,ഇടുക്കി ,തിരുവനന്തപുരം ജില്ലകളിൽ ഇന്നലെ വൈകുന്നേരം മുതല്‍ അതിശക്തമായ മഴ ലഭിച്ചു. ഈ ജില്ലകളിൽ മലയോര മേഖലയിലേക്കും, ജലാശയങ്ങൾ, നദികൾ എന്നിവയുടെ തീരത്തേക്കുമുള്ള യാത്രകൾ വിലക്കി. ഖനന പ്രവർത്തനങ്ങളും നിര്‍ത്തി വെച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശവും നിലവിലുണ്ട്.
അതേസമയം തിരുവനന്തപുരത്ത് കനത്ത മഴ പെയ്തതോടെ നഗരം വീണ്ടും വെള്ളക്കെട്ടിലായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഗൗരീശപട്ടം, തേക്ക്മൂട് ബണ്ട് കോളനി, മുറിഞ്ഞ പാലം പ്രദേശത്തെ വീടുകൾ വെള്ളക്കെട്ടിലാണ്. മുറിഞ്ഞപാലം കോസ്മോപൊളിറ്റൻ ആശുപത്രിയിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോടും പാർവതിപുത്തനാറും കരകവിഞ്ഞു. അതിനിടെ ചെമ്പഴന്തിയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല. പത്തനംതിട്ടയില്‍ ഇലന്തൂരിലും ചെന്നീര്‍ക്കരയിലും ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോന്നി– കൊക്കാത്തോട് റോഡിന്‍റെ ഒരു ഭാഗം ഒലിച്ചു പോയതായും റിപ്പോര്‍ട്ടുണ്ട്. കൊക്കാത്തോട് മരം വീണ് ഒരുവീട് പൂര്‍ണമായും തകരുകയും നാലുവീടുകള്‍ക്ക് സാരമായ കേടുപാടുകളേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Widespread rain across kerala; yellow alert in 5 districts