ചുരുങ്ങിയ സമയം കൊണ്ട് വലിയ അളവില്‍ മഴ പെയ്തതാണ് തിരുവനന്തപുരം നഗരത്തില്‍ വീണ്ടും വെള്ളക്കെട്ടുണ്ടാകാന്‍ കാരണമായതെന്ന് റവന്യൂമന്ത്രി കെ. രാജന്‍. വെളളം ഒഴുകിപ്പോകുന്നതിനുള്ള തടസങ്ങള്‍ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ശബരിമലയില്‍ മഴ കുറവെങ്കിലും പ്രത്യേക ശ്രദ്ധ നല്‍കുമെന്നും ഇടുക്കി കല്ലാര്‍ക്കുട്ടി ഡാംകൂടി തുറക്കുമെന്നും അവലോകനയോഗത്തിനു ശേഷം മന്ത്രി കെ.രാജന്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കനത്തമഴയില്‍ തിരുവനന്തപുരം പട്ടത്തെ 250 വീടുകളിലാണ് വെള്ളം കയറിയത്. മരപ്പാലം കേദാരം ലൈനിലെ 15 കുടുംബങ്ങളെ രക്ഷപെടുത്തി. ആമയിഴഞ്ചാന്‍ തോടും പാര്‍വതി പുത്തനാറും കരകവിഞ്ഞതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാവുകയായിരുന്നു. ഗൗരീശപട്ടം, തേക്ക്മൂട് ബണ്ട് കോളനി, മുറിഞ്ഞ പാലം പ്രദേശത്തെ വീടുകളിലും മുറിഞ്ഞപാലം കോസ്മോപൊളിറ്റന്‍ ആശുപത്രിയിലും വെള്ളം കയറിയിരുന്നു.
സംസ്ഥാന വ്യാപകമായി മഴ ശക്തമായതിനെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട,ഇടുക്കി,എറണാകുളം,വയനാട് ജില്ലകളിലാണ് യെലോ അലര്‍ട് നിലവിലുള്ളത്. പത്തനംതിട്ട,ഇടുക്കി ,തിരുവനന്തപുരം ജില്ലകളിൽ ഇന്നലെ വൈകുന്നേരം മുതല്‍ അതിശക്തമായ മഴ ലഭിച്ചു. ഈ ജില്ലകളിൽ മലയോര മേഖലയിലേക്കും, ജലാശയങ്ങൾ, നദികൾ എന്നിവയുടെ തീരത്തേക്കുമുള്ള യാത്രകൾ വിലക്കി. ഖനന പ്രവർത്തനങ്ങളും നിറുത്തി വെച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശവും നിലവിലുണ്ട്.
Minister K Rajan on heavy rain in Trivandrum