യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലേക്കായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കിയ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാന്‍ നോട്ടിസ് നല്‍കാനാണ് പൊലീസിന്‍റെ തീരുമാനം. അതേസമയം കേസില്‍ ഇതുവരെ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭി വിക്രം, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് കണ്ടെടുത്തത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. പിടിയിലായവരുമായി വ്യക്തിബന്ധമുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ സംരക്ഷിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പത്തനംതിട്ട അടൂരില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. ഇന്നലെ ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ അഭിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ബിനിലിന്റെ ലാപ്ടോപില്‍ നിന്നുമായി 24 തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. പത്തനംതിട്ടയിലെ മേല്‍വിലാസത്തിലുള്ളതാണ് കാര്‍ഡുകളിലധികവും. ഈ കാര്‍ഡുകള്‍ വാട്സപ്പ് മുഖേനെ ഇവര്‍ പരസ്പരം കൈമാറിയതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പുവരുത്തിയതോടെയാണ് അറസ്റ്റ്. 

 

Police to question Rahul Mamkootathil in fake voter ID  case