കോഴിക്കോട് കൊടിയത്തൂര്‍ സഹകരണ ബാങ്കില്‍ മുന്‍വര്‍ഷങ്ങളിലും വ്യാപകക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ഈടില്ലാതെ വായ്പകള്‍ അനുവദിച്ചതായും നിയമവിരുദ്ധമായി താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയതായും സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ വി.വസീഫ് പ്രസിഡന്റായ ബാങ്കിന്റ 2016 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ആധാരമോ,നികുതി രേഖകളോ ഈടായി വാങ്ങാതെ പലര്‍ക്കും വായ്പ നല്‍കി. വായ്പയ്ക്ക് ആവശ്യമായ മറ്റ് അനുബന്ധ രേഖകള്‍ പോലും ശേഖരിച്ചില്ലെന്നും 2016 ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിന് പലയിടങ്ങളിലായി 8.06 ഏക്കര്‍ ഭൂമിയുണ്ട്. നിക്ഷേപത്തിന്‍റെ 25 ശതമാനവും ഭൂമി, കെട്ടിടം എന്നിവയിലാണന്നും ഇത് ലിക്വിഡ് കവറേജിനെ സാരമായി ബാധിക്കാനിടയുണ്ടെന്ന് 2020 ലെ റിപ്പോര്‍ട്ട്. തൊട്ടടുത്ത വര്‍ഷവും ഇതേ നിരീക്ഷണമുണ്ട്.
പെട്രോള്‍ പമ്പ്, വെളിച്ചെണ്ണ ഫാക്ടറി തുടങ്ങി അരഡസനോളം സംരംഭങ്ങളുണ്ടായിട്ടും ബാങ്കിന്‍റെ സ്വന്തം ഫണ്ട് 10.93 കോടി രൂപ മാത്രമാണ്. ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ട് ഒരു കോടി 16 ലക്ഷമുണ്ടെങ്കിലും കേരള ബാങ്കില്‍ നിക്ഷേപിച്ചത് 15,000 രൂപ മാത്രം. റജിസ്ട്രാറുടെ അനുമതിയില്ലാതെ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു. അഞ്ച് പേര്‍ക്ക് നിയമവിരുദ്ധമായി സ്ഥാനക്കയറ്റം നല്‍കി. ബാങ്ക് മാനേജര്‍മാരുടെ നിയമനവും ക്രമപ്രകാരമല്ല. ബാങ്കില്‍ ആഭ്യന്തര ഓഡിറ്റ് നടക്കാത്തത് വകുപ്പുതല ഓഡിറ്റിന് പ്രയാസം സൃഷ്ടിക്കുന്നുവെന്നും വിവിധ വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലുണ്ട്. മുന്‍വര്‍ഷം 6.32 ലക്ഷം രൂപ ലാഭത്തിലായിരുന്ന ബാങ്ക് 2021 22 സാമ്പത്തിക വര്‍ഷത്തില്‍ 20 കോടി 74 ലക്ഷം രൂപ നഷ്ടത്തിലായെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് മനോരമ ന്യൂസ് നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ക്രമക്കേടില്ലെന്നും നഷ്ടം സാങ്കേതികം മാത്രമാണെന്നുമാണ് ബാങ്ക് ഭരണസമിതിയുടെ വിശദീകരണം.
Audit report found irregularities in kodiyathur bank