കോട്ടയം പാമ്പാടിയിൽ മരിച്ച സിനിമ സീരിയൽ താരം വിനോദ് തോമസിന്റെ മരണകാരണം എസിക്കുള്ളിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതെന്ന് പ്രാഥമിക നിഗമനം. ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടക്കും. മരണത്തിൽ മറ്റു ദുരൂഹതകളില്ലെന്ന് പാമ്പാടി പൊലീസ് വ്യക്തമാക്കി. സിനിമാ സീരിയൽ താരവും മീനടം കുറിയന്നൂർ സ്വദേശിയുമായ വിനോദ് തോമസ് ഇന്നലെ രാവിലെ 11 മണിയോടെയാണ് പാമ്പാടിയിൽ പ്രവർത്തിക്കുന്ന ബാറിൽ എത്തിയത്. പിന്നീട് എപ്പോഴോ പുറത്തേക്കു പോയ വിനോദ് ഏറെ നേരമായി കാറിനുള്ളിൽ അടച്ചിരിക്കുകയായിരുന്നെന്ന് ബാറിലെ സെക്യൂരിറ്റി ജീവനക്കാർ പറയുന്നു. 

തുടർച്ചയായി കാറിന്റെ എയർ കണ്ടീഷൻ പ്രവർത്തിപ്പിച്ചതിനെത്തുടർന്ന് ഉണ്ടായ വിഷവാതകം ശ്വസിച്ചതെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് അഞ്ചുമണിയോടെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.  പാമ്പാടി പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. കാറിലിരുന്ന് ഉറങ്ങിപ്പോയതിനിടെ വിഷവാതകം ശ്വസിച്ചു മരിച്ചതെന്നാണ് പാമ്പാടി പൊലീസ് പറയുന്നത്. അവിവാഹിതനായിരുന്നു മരിച്ച വിനോദ് തോമസ്. നത്തോലി ഒരു ചെറിയ മീൻ അല്ല അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

 

Actor Vinod Thomas death may be due to inhalation of toxic gas