• 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ എംവിഡി പരിശോധന
  • 7500 രൂപ ആദ്യ പിഴ
  • പരിശോധന ഇനിയുമുണ്ടാകുമെന്ന് എംവിഡി

സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ച് റോബിന്‍ ബസ് സര്‍വീസ് തുടങ്ങിയതിന് പിന്നാലെ പിഴ ഈടാക്കി എംവിഡി. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബസ് യാത്ര തുടങ്ങിയത്. 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ പരിശോധനയുമായി എത്തിയ എംവിഡി പെര്‍മിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടു. ഇനിയും പരിശോധനയുണ്ടാകുമെന്നും എംവിഡി അറിയിച്ചു. പരിശോധനയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര. കോയമ്പത്തൂർ വരെ ബസുടമയും യാത്രയിൽ പങ്കെടുക്കും. ബസ് പിടിച്ചിട്ടത് മനഃപൂര്‍വമെന്ന് ബസ് ഉടമ ഗിരീഷ് ആരോപിച്ചു. കോടതി ഉത്തരവ് അവര്‍ പ്രതീക്ഷിച്ചില്ലെന്നും  അതിന്റെ നാണക്കേട് മറയ്ക്കാനാണ് ശ്രമമെന്നും ബസുടമ പറഞ്ഞു. കോടതിയാണോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ബസുടമ ഇന്നലെ മനോരമന്യൂസിനോട് പ്രതികരിച്ചിരുന്നു. 

ഓഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരേക്ക് സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് 45 ദിവങ്ങള്‍ക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി.  ഉടമയ്ക്ക് തിരികെ നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ് വിട്ടുനല്‍കിയത്. 

 

Robin bus starts inter-state service, MVD fined 7500 for permit violation