യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സഞ്ജയ് കൗള്‍. പത്രത്തില്‍ നിന്നുമാണ് താന്‍ വിവരം അറിഞ്ഞതെന്നും തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പരാതി ലഭിച്ചുവെന്നും അദ്ദേഹം മനോരമന്യൂസിനോട് വെളിപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പ്രിന്‍റ് ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ അത് ആരാണ് പ്രിന്‍റ് ചെയ്തത് എന്ന് കണ്ടെത്തുന്നതിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഗൗരവമുള്ള വിഷയമായതിനാല്‍ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ യാഥാര്‍ഥ്യമെന്തെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളോടും വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിലെ തിരിച്ചറിയല്‍ കാര്‍ഡ് ഹോളോഗ്രാമുള്ളതാണെന്നും ഇത് വ്യാജമായി നിര്‍മിക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കോൺഗ്രസ് സംസ്ഥാനത്ത് ഒന്നേ കാൽ ലക്ഷം വ്യാജ തിരിച്ചറിയൽ കാർഡുകള്‍ നിർമിച്ചുവെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ ആരോപണം. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തിൽ ഡിജിപിക്കും കേന്ദ്ര ഏജൻസികൾക്കും പരാതി നൽകിയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനാണ് കാർഡ് ഉപയോഗിച്ചതെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് സംവിധാനമെന്നും ബിജെപി ആരോപണം ഉയര്‍ത്തിയിരുന്നു.
അതേസമയം, സുതാര്യമായാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും നിലവില്‍ ഉയരുന്ന ആരോപണങ്ങള്‍ സംഘടനയെ അപമാനിക്കാനായുള്ളതാണെന്നും അബിന്‍ വര്‍ക്കി പ്രതികരിച്ചു.
'Serious crime'; State election commission on fake voter id row