തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസിനെതിരായ മിച്ചഭൂമിക്കേസിൽ തെളിവ് സ്വീകരിക്കാതെ തിരിച്ചുപോകാൻ ശ്രമിച്ച ലാൻഡ് ബോർഡ് ഉദ്യോഗസ്ഥരെ പരാതിക്കാർ തടഞ്ഞു.  പരാതിക്കാസ്പദമായ സ്ഥലത്ത് പരിശോധനക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥർ.  പരാതിക്കാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചതിനൊടുവിലാണ് ഉദ്യോഗസ്ഥർ തെളിവ് സ്വീകരിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ജോർജ് എം തോമസ് കൈവശംവച്ചതായി കണ്ടെത്തിയ തോട്ടുമുക്കത്തെ 16.40 ഏക്കർ മിച്ചഭൂമി തിരിച്ചുപിടിച്ചില്ല എന്ന പരാതിയിൽ തെളിവെടുപ്പിനായാണ് താലൂക്ക് ലാൻഡ് ബോർഡ് സൂപ്രണ്ട് ഉൾപ്പെടെയുള്ള  ഉദ്യോഗസ്ഥരെത്തിയത്. പരാതിക്കാരോടും സ്ഥലത്തെത്തി തെളിവുനൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ഥലപരിശോധന കഴിഞ്ഞ് പരാതിക്കാരെ കാണാൻ തയ്യാറാവാതെ ഉദ്യോഗസ്ഥർ മടങ്ങാൻ ശ്രമിച്ചു.

പരാതിക്കാരും കോൺഗ്രസ് പ്രവർത്തകരുംചേർന്ന് വാഹനം തടഞ്ഞ് ആവശ്യപ്പെട്ട ശേഷമാണ് ഉദ്യോഗസ്ഥർ തെളിവ് സ്വീകരിച്ചത്.  ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി ഉത്തരവിട്ട് 20 വർഷം കഴിഞ്ഞിട്ടും ലാൻഡ് ബോർഡ് നടപടിയെടുക്കാത്തതിനുപിന്നിൽ രാഷ്ട്രീയ സ്വാധീനമാണെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ട്. ഇനിയും തുടർനടപടിയുണ്ടായില്ലെങ്കിൽ ലാൻഡ് ബോർഡ് ഓഫീസിനുമുന്നിൽ സമരം തുടങ്ങുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേസമയം തന്റെ പേരിൽ മിച്ചഭൂമിയില്ല എന്നാണ് ജോർജ് എം. തോമസിന്റെ വിശദീകരണം .  

Complainants protest against land board officers