ashfaq-aluva-2
  • ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്
  • പ്രതി അസഫാക്ക് ആലത്തിനെതിരെ പതിനാറ് കുറ്റങ്ങള്‍
  • വധശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍

 

ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. ചുമത്തിയ പതിനാറ് കുറ്റങ്ങളും തെളിയിക്കപ്പെട്ട പ്രതി അസഫാക് ആലത്തിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. പ്രായത്തിന്റെ ഇളവ് നൽകി വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. എറണാകുളം പോക്സോ കോടതി ഉച്ചയോടെ ശിക്ഷ വിധിക്കും.

 

കഴിഞ്ഞ ജൂലൈ ഇരുപത്തിയെട്ടിന് അഞ്ചുവയസുമാത്രം പ്രായമുള്ള കുഞ്ഞിനോട് സമാനതകളില്ലാത്ത ക്രൂരതകാട്ടിയ പ്രതി അസഫാക് ആലത്തിന് കോടതി വധശിക്ഷ വിധിക്കുമോയെന്ന ആകാംക്ഷയിലാണ് കേരളം. പതിനാറ് കുറ്റങ്ങളാണ് പ്രതി അസഫാക് ആലത്തിനെതിരെ തെളിഞ്ഞത്. കൊലപാതകം അടക്കം ഇതില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ അഞ്ച്.  കൊച്ചുകുട്ടി എന്ന പരിഗണന പോലും നൽകാതിരുന്ന പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.  കുട്ടിയെ കൊലപ്പെടുത്തിയ രീതിയും അതിനായി തിരഞ്ഞെടുത്ത സ്ഥലവും പ്രതിയുടെ കുറ്റകൃത്യവാസന തെളിയിക്കുന്നതാണ്. ഇത്രയും ക്രൂരമായ കുറ്റം ചെയ്തയാൾക്ക് പരിവർത്തനമുണ്ടാകുമെന്ന രീതിയിൽ വിധി വന്നാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

 

പ്രതിക്ക് 28വയസ് മാത്രമാണ് പ്രായമെന്നും മാനസാന്തരത്തിന്‍റെ സാധ്യതയും പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം വാദം. പ്രായത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ സമൂഹത്തിലേക്ക് വിടുന്നത് ജനിക്കാനിരിക്കുന്ന കുട്ടികളെപ്പോലും അപകടത്തിലാക്കുന്ന നടപടിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയെപ്പോലുള്ളവരോടുള്ള ഭയംമൂലം കുട്ടികൾക്ക് സ്വതന്ത്രമായ കുട്ടിക്കാലം നിഷേധിക്കപ്പെടുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് എറണാകുളം ജില്ലാ പോക്സോ കോടതി ജഡ്ജ് കെ. സോമന്‍ വിധിപറയാന്‍ ശിശുദിനം തിരഞ്ഞെടുത്തത്. 

 

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെങ്കിലും സമാനമായ വകുപ്പുകളിൽ കൂടുതൽ ശിക്ഷയുള്ളതായിരിക്കും പരിഗണിക്കുകയെന്ന് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ നിലനിർത്തിയ കോടതി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376ലെ അനുബന്ധ വകുപ്പുകള്‍ ശിക്ഷയിൽനിന്ന് ഒഴിവാക്കി. ബാക്കി 13 കുറ്റങ്ങൾക്കാണ് ശിക്ഷ വിധിക്കുക. അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് നൂറ്റിപ്പത്താം ദിനമാണ് പ്രതിക്ക് ശിക്ഷ വിധിക്കുന്നത്.

 

കേസിന്‍റെ നാള്‍വഴികള്‍ 

 

2023 ജൂലൈ 28

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30

ആലുവ ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി മഞ്ചക് കുമാര്‍ തിവാരിയുടെ മകള്‍ അഞ്ചുവയസുകാരി ചാന്ദ്നിയെ കാണാതാകുന്നു. ഏഴ് മണിയോടെ പൊലീസില്‍ പരാതി നല്‍കി. കുട്ടിയുമായി പോയത് ബിഹാറുകാരന്‍ അസഫാക് ആലമാണെന്ന് സ്ഥിരീകരിക്കുന്നു.

രാത്രി 8.00 

കാണാതായെന്ന പരാതിയില്‍ ആലുവ ഈസ്റ്റ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

രാത്രി 10.00

തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നു 

കുട്ടിക്കായി റയില്‍വേ സ്റ്റേഷന്‍  ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വ്യാപക തിരച്ചില്‍ . ഇയാള്‍ കുട്ടിയുമായി തൃശൂര്‍ ഭാഗത്തേക്ക് ബസില്‍ കയറിയതായി വിവരം. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് മൊഴി 

2023 ജൂലൈ 29

കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ആലുവ മാര്‍ക്കറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദഹം കണ്ടെത്തി. മുഖത്ത് കല്ല്കൊണ്ട് ഇടിച്ച പാടുകള്‍. ശരീരത്തില്‍ ആകമാനം മുറിവുകള്‍. കഴുത്തില്‍ കറുത്ത ചരട് മുറുക്കിയ നിലയില്‍. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി

 

2023 ജൂലൈ 30

കുട്ടിയുടെ സംസ്കാരം കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ നടത്തി. പഠിച്ച സ്കൂളില്‍ പൊതുദര്‍ശനം. 

പ്രതി അസഫാക് ആലം റിമാന്‍ഡില്‍

ആലുവ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. 

 

2023 ഓഗസ്റ്റ് 1 

പ്രതി കസ്റ്റഡിയില്‍ 

എറണാകുളം ജില്ലാ പോക്സോ കോടതി പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. 

പ്രതിയെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു

 

2023 ഓഗസ്റ്റ് 3 

പ്രതി അസഫാക് ആലവുമായി ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി. ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു തെളിവെടുപ്പ്. കുട്ടിയുടെ വസ്ത്രവും ചെരുപ്പും കണ്ടെത്തി.

 

2023 ഓഗസ്റ്റ് 4 

പ്രതി അസഫാക് കസ്റ്റഡിയില്‍ തുടരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ മാര്‍ക്കറ്റിലെത്തിച്ച് പരിശോധന. ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ സംബന്ധിച്ച് വ്യക്തത വരുത്താന്‍ ശ്രമം. 

 

2023 സെപ്റ്റംബര്‍ 1

കുറ്റപത്രം സമര്‍പ്പിച്ചു

 

2023 ഒക്ടോബര്‍ 4

വിചാരണ ആരംഭിച്ചു

 

2023 ഒക്ടോബര്‍ 30

വിചാരണ പൂര്‍ത്തിയായി. 26 ദിവസംകൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത് 

 

2023 നവംബര്‍ 4

വിധി 

പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

ചുമത്തിയ 16 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റം ചെയ്തതായി കണ്ടെത്തി

 

 

2023 നവംബര്‍ 9

ശിക്ഷയുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയായി

 

2023 നവംബര്‍ 14

ശിക്ഷ ഇന്ന് 

Aluva Girl murder case verdict today