seethathode-life

ലൈഫ് പദ്ധതിയെ വിശ്വസിച്ച്, ഉണ്ടായിരുന്ന വീട് പൊളിച്ച പലരും ഇന്ന് പ്രതിസന്ധിയില്‍. സീതത്തോട് പഞ്ചായത്തില്‍ ഇരുനൂറ്റിയന്‍പതോളം വീടുകളാണ് പ്രതിസന്ധിയിലായത്. അടൂരും പന്തളത്തും ഫ്ലാറ്റ് നിര്‍മാണം എങ്ങും എത്തുന്നില്ല. വീടുപണി മുടങ്ങിയതിനെ തുടര്‍ന്ന് ലോട്ടറി വ്യാപാരി ജീവനൊടുക്കിയ ഓമല്ലൂരില്‍ മാത്രം 38 വീടുകളുടെ നിര്‍മാണം പ്രതിസന്ധിയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വെളിപ്പെടുത്തിയിരുന്നു.

 

പത്തനംതിട്ട സീതത്തോട് സ്വദേശി ഗോപാലകൃഷ്ണന്‍റെ ജീവിതം ഒന്നരവര്‍ഷമായി പ്ലാസ്റ്റിക് ഷെഡിലാണ്. ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചതോടെയാണ് പഴയ വീട് പൊളിച്ചത്. ആദ്യ ഗഡുകൊണ്ട് അടിത്തറകെട്ടി. പിന്നെ ഇന്നുവരെ പണം കിട്ടിയിട്ടില്ല. ഇതിനിടയില്‍ കാന്‍സര്‍ രോഗവും തിരിച്ചറിഞ്ഞു.  സമാനമായി ഇരുനൂറ്റിയന്‍പതോളം വീടുകളാണ് പ്രതിസന്ധിയിലായത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മിച്ച പഞ്ചായത്തെന്ന് പേരെടുക്കുകയായിരുന്നു ലക്ഷ്യം. 

 

സീതത്തോട് സ്വദേശിയായ കോന്നി എംഎല്‍എയും വീടുകള്‍ വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് ആരോപണം. സര്‍ക്കാര്‍ വിഹിതം കിട്ടാത്തത് മാത്രമല്ല. ഫണ്ട് വകമാറ്റിയതും പ്രതിസന്ധിയായി. അതേ സമയം  ഏഴംകുളം പഞ്ചായത്തിലെ ഏനാത്ത് 54 കുടുംബങ്ങള്‍ക്കായി അനുവദിച്ച ഫ്ലാറ്റ് നിര്‍മാണം എങ്ങുമെത്തിയില്ല. ആറ് മാസം എന്ന് പറഞ്ഞു തുടങ്ങിയിട്ട് മൂന്നുവര്‍ഷമായി. ഇപ്പോഴും സ്റ്റീല്‍ കമ്പികള്‍ മാത്രമായി നില്‍ക്കുന്നു.  നിര്‍മാണത്തുക പുതുക്കണം എന്നാണ് കരാര്‍ കമ്പനിയുടെ ആവശ്യം. അതില്‍ നടപടി ആയില്ല. പന്തളം നഗരസഭയിലെ ചേരിക്കലിലും നാല്‍പത്തിനാല് കുടുംബങ്ങള്‍ക്കുള്ള ലൈഫ് ഫ്ലാറ്റ് നിര്‍മാണം അഞ്ചുവര്‍ഷമായി പാതി വഴിയിലാണ്. മല്ലപ്പള്ളി പഞ്ചായത്തിലെ 24 വീടുകളാണ് പാതിവഴിയില്‍ ഉള്ളത്. ജില്ലയിലെ മറ്റ് 51 പഞ്ചായത്തുകളിലും സാഹചര്യങ്ങള്‍ വ്യത്യസ്തമല്ല എന്നാണ് വിവരം. 

 

250 families who demolished their houses trusting the LIFE scheme are in crisis