saiby-jose-4

 

ജഡ്ജിമാർക്ക് നൽകാൻ കോഴ വാങ്ങിയെന്ന കേസിൽ അഡ്വ.സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്. പ്രത്യേക അന്വേഷണസംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 10 മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് സൈബിക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്. 250ലേറെ പേരുടെ മൊഴികൾ രേഖപ്പെടുത്തിയും ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ചുമാണ് ജഡ്ജിക്ക് കോഴ നൽകാൻ പണം വാങ്ങിയെന്ന കേസിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്. കേസിലെ ഏക പ്രതിയായ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂർ പണം വാങ്ങിയതിന് തെളിവില്ല എന്നാണ് പ്രത്യേക അന്വേഷണ സംഘ  തലവൻ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എൽ.ജോൺ കുട്ടി സമർപ്പിച്ച  റിപ്പോർട്ട്. അന്വേഷണത്തിനിടെ പരാതി നൽകിയ അഭിഭാഷകർ, സൈബി ജോസിന്റെ സഹപ്രവർത്തകർ, കക്ഷികൾ എന്നിവരിൽ നിന്നും  മൊഴിയെടുത്തിരുന്നു. സൈബിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത അന്വേഷണസംഘം ഇവ ഫൊറൻസിക് പരിശോധനയ്ക്കും വിധേയമാക്കി. അന്വേഷണ റിപ്പോർട്ടിൻ മേൽ അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ മൂവാറ്റുപുഴ വിജിലൻസ് കോടതി തീരുമാനമെടുക്കും. 

 

അനുകൂല വിധിക്കായി കേരള ഹൈക്കോടതിയിലെ 3 ജഡ്ജിമാർക്ക് കൈക്കൂലി നൽകാൻ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂർ പണം വാങ്ങി എന്നായിരുന്നു പരാതി. അഭിഭാഷകരുടെ പരാതിയിൽ ഹൈക്കോടതി വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഹൈക്കോടതി ഫുൾ കോർട്ടിന്റെ ശുപാർശയിൽ സൈബി ജോസിനെതിരെ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്.  ആരോപണത്തെ തുടർന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റായിരുന്ന സൈബി ജോസ് തൽസ്ഥാനം രാജി  വെച്ചിരുന്നു. അഭിഭാഷക അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നായിരുന്നു സൈബിയുടെ വാദം

No evidence against Adv Saibi Jose Kidangur