• സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നതെന്തിന്?
  • 'മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം'
  • ഗവര്‍ണര്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയല്ലെന്നും ചീഫ് ജസ്റ്റിസ്
  • കേരളത്തിന്‍റേതുള്‍പ്പടെയുള്ള ഹര്‍ജികള്‍ നവംബര്‍ 10 ന് പരിഗണിക്കും

ഹര്‍ജി വരുന്നതുവരെ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ എന്തിനു കാത്തിരിക്കണമെന്ന് സുപ്രീം കോടതി. ഗവര്‍ണര്‍ ബന്‍വര്‍ ലാല്‍ പുരോഹിതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നിരീക്ഷണം. നിയമസഭകള്‍ പാസാക്കിയിട്ടുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കുന്നത് ഗവര്‍ണര്‍മാര്‍ നീട്ടിക്കൊണ്ടു പോകുന്നത് എന്തിനാണെന്നും  ഹര്‍ജിയുമായി സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ബില്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതിയെ സമീപിക്കുന്നത് ഒഴിവാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഗവര്‍ണര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളല്ലെന്ന് ഓര്‍ക്കണമെന്നും കോടതി പറഞ്ഞു. കേരളം,തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും സമാനമായ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജികള്‍ നവംബര്‍ പത്തിന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ബജറ്റ് മാനേജ്മെന്‍റ് ഭേദഗതി ബില്‍, ജിഎസ്ടി ബില്‍, ഇന്ത്യന്‍ സ്റ്റാംപ് (പഞ്ചാബ് ഭേദഗതി) ബില്‍ എന്നിവയില്‍ ഒപ്പുവയ്ക്കാതിരുന്നതോടെയാണ് ഗവര്‍ണര്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് പുറമെ നാല് ബില്ലുകള്‍ കൂടി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഒപ്പുവച്ചില്ല.  നവംബര്‍ ഒന്നിനാണ് ജിഎസ്ടി ബില്ലും സ്റ്റാംപ് ബില്ലും ഗവര്‍ണര്‍ ഒടുവില്‍ ഒപ്പിട്ടത്. 

Issues must be sorted between CM and governor Says CJI