സംസ്ഥാനത്തെ സഹകരണ മേഖലയിലെ അഴിമതിയില്‍ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തവര്‍ നേതൃത്വത്തില്‍ വന്നുവെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നോട്ട് നിരോധനം വന്നപ്പോൾ മുതൽ കേരളത്തിലെ സഹകരണ മേഖലയെ അടച്ച് ആക്ഷേപിക്കുകയാണ്. കള്ളപ്പണമാണ് സഹകരണ ബാങ്കുകളെന്നായിരുന്നു ആക്ഷേപം. ആക്ഷേപിക്കാന്‍ എളുപ്പമാണെല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണമേഖലയെ ചിലര്‍ ലക്ഷ്യമിടുന്നുവെന്നും അതിന്‍റെ ഭാഗമാണ് ഇഡിയുടെ വരവെന്നും അദ്ദേഹം ആരോപിച്ചു. പൊതുമേഖലാ ബാങ്കുകളില്‍ തട്ടിപ്പ് നടത്തിയ കോര്‍പറേറ്റുകളില്‍ പലരും സംഘപരിവാറിന് ഫണ്ട് കൊടുക്കുന്നവരാണെന്നും അതുകൊണ്ട് അവര്‍ക്ക് നേരെ നിയമനടപടികളുണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ചെന്ന് ഇഡി. പെരിങ്ങണ്ടൂര്‍ സഹകരണബാങ്ക് പ്രസിഡന്‍റ് എം.ആര്‍. ഷാജനെ ഇഡി ചോദ്യം ചെയ്യുകയാണ്. കേസിലെ പ്രതി സതീഷ്കുമാറുമായി ഷാജന്‍ ഇടപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഷാജന് പുറമെ ബെനാമി വായ്പകള്‍ തട്ടിയെടുത്ത ആറുപേരെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.