മിസോറമിൽ ഇത്തവണ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന് മിസോറം കോൺഗ്രസ് പ്രസിഡന്റും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ലാൽസാവ്ത. മിസോറമിൽ സംസ്കാരവും ഭാഷയും മതവും ഭീഷണിനേരിടുന്നുവെന്നും ലാൽസാവ്ത മനോരമ ന്യൂസിനോട് പറഞ്ഞു. ഈമാസം ഏഴിനാണ് സംസ്ഥാനത്തെ 40 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്.
2018ലെ പരാജയത്തിനുശേഷം കോൺഗ്രസ് ഉയിർത്തെഴുന്നേറ്റിട്ടുണ്ടെന്നും പുതിയ കോൺഗ്രസാണ് മിസോറമിലുള്ളതെന്നും പിസിസി അധ്യക്ഷൻ. മണിപ്പുർ കലാപത്തിലെ ജനരോഷം വോട്ടായി മാറുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ബിജെപിയെ ഒരു ഭീഷണിയായി പലരും കണ്ടിരുന്നില്ലെന്ന് ലാൽസാവ്ത. പക്ഷേ മണിപ്പുരിലെ കൊലപാതകങ്ങളും പള്ളികൾ തകർത്തതും ജനങ്ങളുടെ കണ്ണ് തുറപ്പിച്ചു. ബിജെപി വിദൂരഭീഷണിയല്ലെന്ന് ജനങ്ങൾക്ക് മനസിലായെന്നും വിമർശനം.
മിസോറമിലേക്കുള്ള ബിജെപിയുടെ പ്രവേശനത്തിന്റെ ചവിട്ടുപടിമാത്രമാണ് പുതിയ പാർട്ടിയായ സൊറാം പീപ്പിൾസ് മൂവ്മെന്റ്. ബിജെപിയും സെഡ്പിഎമ്മും തമ്മിലുള്ള ധാരണ വ്യക്തമാണെന്നും ലാൽസാവ്ത പറഞ്ഞു. അഞ്ചുതവണ മിസോറം മുഖ്യമന്ത്രിയായിരുന്ന ലാൽ താൻഹാവ്ല വിരമിച്ചതിനെത്തുടർന്നാണ് ധനമന്ത്രിയായിരുന്ന ലാൽസാവ്ത കോൺഗ്രസ് അധ്യക്ഷനായത്. ഭരണകക്ഷിയായ എംഎൻഎഫും സെഡ്പിഎമ്മും കോൺഗ്രസും തമ്മിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ.
Congress will regain power in Mizoram: Lalsawta