നവകേരളസദസിന് മുമ്പ് മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണി നേതൃത്വത്തിന് കത്തുനല്‍കി. പത്തിന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ മന്ത്രിമാരുടെ മാറ്റവും ചര്‍ച്ചയായാകുമെന്നാണ് സൂചന. നവകേരള സദസ് കഴിഞ്ഞ് മതി മന്ത്രിസഭയിലെ മാറ്റം എന്നായിരുന്നു സി.പി.എം നേതൃത്വത്തിലെ ധാരണ. 18ന് തുടങ്ങുന്ന നവകേരളസദസിന് മുമ്പ് മന്ത്രിസ്ഥാനം ലഭിക്കണം എന്നാണ് കേരള കോണ്‍ഗ്രസ് (ബി)യുടെ ആവശ്യം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും ഇടതുമുന്നണി കണ്‍വീനര്‍ക്കും ഇന്നലെയാണ് നല്‍കിയത്. പത്താം തീയതി ഇടതുമുന്നണിയോഗം വിളിക്കാന്‍ തീരുമാനിച്ചതോടെ മന്ത്രിമാരുടെ മാറ്റം വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്.
രണ്ടര വര്‍ഷം കഴിയുമ്പോള്‍ ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറി കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്നാണ് മുന്നണിയിലെ ധാരണ. ഈ മാസം 20നാണ് രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്നത്. ഈ വാഗ്ദാനം പാലിക്കണം എന്ന ആവശ്യമാണ് കേരളകോണ്‍ഗ്രസ് ബി മുന്നോട്ട് വച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (ബി) നേതാക്കള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണുകയും ചെയ്തിരുന്നു. 18ന് തുടങ്ങുന്ന നവകേരളസദസ് പൂര്‍ത്തിയാകുന്നത് ഡിസംബര്‍ 24നാണ്. നവകേരളസദസ് പൂര്‍ത്തിയാകാന്‍ കാത്തുനിന്നാല്‍ പിന്നെ സത്യപ്രതിജ്ഞ പുതുവര്‍ഷത്തിലേക്ക് നീളുമോയെന്നാണ് കേരള കോണ്‍ഗ്രസ് ബിയുടെ ആശങ്ക. നവകേരളസദസിന്‍റെ ഒരുക്കങ്ങളുടെ വിലയിരുത്തലും ഇടതുമുന്നണി യോഗത്തിലുണ്ടാകും.
LDF will discuss cabinet reorganization