പതിനഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഛത്തീസ്ഗഡില്‍ അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപിക്ക് കാത്തിരിക്കേണ്ടിവരുമെന്ന് മനോരമന്യൂസ്–വി.എം.ആര്‍ അഭിപ്രായസര്‍വേ. 2018ല്‍ ആദ്യമായി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച ഭൂപേഷ് ബാഗല്‍ ഒരിക്കല്‍ക്കൂടി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 53 മുതല്‍ 58 വരെ സീറ്റുകള്‍ ലഭിച്ചേക്കും. 23 മുതല്‍ 34 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ ഏഴുസീറ്റ് വരെ ലഭിച്ചേക്കാം.
ആകെയുള്ള 90 സീറ്റില്‍ 56 എണ്ണം കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വേയുടെ അന്തിമഫലം. ബിജെപിക്ക് 30 സീറ്റും മറ്റുള്ളവര്‍ക്ക് 4 സീറ്റും പ്രവചിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 68 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ബിജെപിക്ക് വെറും 15 സീറ്റ് മാത്രമേ ലഭിച്ചുള്ളു. ഇക്കുറി തോറ്റാലും ബിജെപിയുടെ പ്രകടനം 2018ലെ അത്ര ദയനീയമാകില്ല. മറ്റുകക്ഷികള്‍ കഴിഞ്ഞ തവണ 7 സീറ്റ് നേടി. ഉപമുഖ്യമന്ത്രി ടി.എസ്.സിങ്ദേവുമായുള്ള തര്‍ക്കം അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയാണ് ബാഗേലിന് കരുത്തായത്.
2018ലെ ബിജെപിയുടെ തകര്‍ച്ച വോട്ട് വിഹിതത്തിലും പ്രതിഫലിച്ചിരുന്നു. 32.97 ശതമാനം വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 43.04 ശതമാനവും. മറ്റുകക്ഷികള്‍ 23.99 ശതമാനം വോട്ട് നേടി.
എന്നാല്‍ ഇക്കുറി ബിജെപിയുടെ വോട്ട് വിഹിതം മെച്ചപ്പെടുമെന്ന് മനോരമന്യൂസ്–വിഎംആര്‍ സര്‍വേയില്‍ പങ്കെടുത്തവരുടെ പ്രതികരണം സൂചിപ്പിക്കുന്നു. എന്നാല്‍ അധികാരം തിരിച്ചുപിടിക്കാന്‍ അത് മതിയാകില്ല. 36.8 ശതമാനം വോട്ടാണ് ബിജെപിക്ക് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കുറയുമെങ്കിലും സര്‍വേ പ്രവചിക്കുന്ന 41.1 ശതമാനം മോശമല്ല. മറ്റുകക്ഷികള്‍ 22.1 ശതമാനം വോട്ട് നേടിയേക്കും.
കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ 2018നെ അപേക്ഷിച്ച് അനുമാനിക്കുന്ന ഇടിവ് 1.94 ശതമാനമാണ്. എന്നാല്‍ ബിജെപി വോട്ട് 3.83 ശതമാനം ഉയര്‍ന്നേക്കാമെന്ന് അഭിപ്രായസര്‍വേ പറയുന്നു. മറ്റുകക്ഷികളുടെ വോട്ടില്‍ 1.89 ശതമാനത്തിന്റെ കുറവും പ്രതീക്ഷിക്കുന്നുണ്ട്.
Congress Likely To Retain Power In Chhattisgarh, Says Manorama News-VMR Opinion Poll.